ആദിവാസി വോട്ടുകൾ ലക്ഷ്യം; മത്സരിച്ച് മുന്നണികൾ

വയനാട്ടിലെ ആദിവാസി വോട്ടുകള്‍ ലക്ഷ്യമിട്ട് മുന്നണികള്‍. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി സംഘടനയായ A.K.S. പ്രത്യേക കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കുമ്പോള്‍.ഊരു സമ്പര്‍ക്കപരിപാടി നടത്തുകയാണ് യുഡിഎഫ്. ആദിവാസി മേഖലകളില്‍ ചുവടുറപ്പിക്കാന്‍ എന്‍ഡിഎയും നീക്കം നടത്തുന്നു. ആദിവാസി ഭൂമി പ്രശ്നമാണ് മുഖ്യ പ്രചാരണ വിഷയം

വയനാട് മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പത്തുശതമാനത്തോളമാണ് ആദിവാസി വിഭാഗക്കാര്‍. ഇവരില്‍ ഇരുമുന്നണികള്‍ക്കും കൃത്യമായ സ്വാധീനമുണ്ട്. താഴേത്തട്ടിലുള്ള പണിയ വിഭാഗമാണ് എല്‍ഡിഎഫിന്റെ പരമ്പരാഗതവോട്ടുകളെങ്കില്‍ കുറിച്യ, കുറുമ വിഭാഗക്കാരിലെ ഭൂരിഭാഗ പിന്തുണ യുഡിഎഫിനാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയും ചുവടുറപ്പിക്കാന്‍ ശ്രമം നടത്തി. ഇതു ചെറുക്കാനാണ് എല്‍ഡിഎഫ് നീക്കങ്ങള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി.കെ ജാനു 27920 വോട്ടുകള്‍ നേടിയിരുന്നു.

ഇത്തവണ ഇടതുപാളയത്തിലാണ് ജാനു. എം.ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭ യുഡിഎഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആദിവാസി ഭൂമി പ്രശ്നങ്ങളുള്‍പ്പടെ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രചാരണം. ആദിവാസി–ദളിത് സംഘടനകളുടെ ഒരു സ്ഥാനാര്‍ഥിയും ഇക്കുറി മല്‍സരിക്കുന്നുണ്ട്.