’94ലെ മുഖചിത്രത്തില്‍ തല നരച്ച കണ്ണന്താനം; ഫോട്ടോഷോപ്പില്‍ ‘പകച്ച്’ സോഷ്യല്‍ മീഡിയ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ സൈബർ ലോകത്ത് വിവാദങ്ങളിലും ട്രോളുകളിലും നിറയുകയാണ് ബിജെപിയുടെ എറണാകുളത്തെ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായി അൽഫോൺസ് കണ്ണന്താനം. ഇപ്പോഴിതാ ഫെയ്സ്ബുക്കിൽ അദ്ദേഹം പങ്കുവച്ച ചിത്രമാണ് സൈബർ ലോകത്തെ പുതിയ ചർച്ച. ടൈം മാഗസിന്റെ കവര്‍ പേജിൽ കണ്ണന്താനത്തിന്റെ ചിത്രമുള്ള പോസ്റ്റാണ് അദ്ദേഹം പങ്കുവച്ചത്. എന്നാൽ ഇത് ഫോട്ടോഷോപ്പാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുവിഭാഗം.

1994ൽ പുറത്തിറങ്ങിയ മാഗസിനിൽ കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാണ് സംശയത്തിന് ഇടയാക്കിയതും. ഇതു കണ്ടെത്തിയവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ടൈം മാഗസിന്റെ യഥാർഥ കവർ ചിത്രവും ചിലർ പങ്കുവയ്ക്കുന്നുണ്ട്. അൽഫോൺസ് കണ്ണന്താനത്തിന്റെ നേട്ടങ്ങൾ ഉയർത്തികാട്ടിയുള്ള ബിജെപി പോസ്റ്റിലും 1994ലെ മാഗസിന്റെ കവർഫോട്ടോയിലും ഒരേ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രചാരണത്തിന്റെ തുടക്കം മുതൽ വിവാദങ്ങളിൽ സജീവമാണ് കണ്ണന്താനം. ആദ്യം മണ്ഡലം മാറി വോട്ടുചോദിച്ചതായിരുന്നു ട്രോളൻമാർ ഏറ്റെടുത്തത്.