ചുട്ടുപൊള്ളി മൂന്നാറും; വിനോദസഞ്ചാരമേഖലക്ക് തിരിച്ചടി

രണ്ട് മാസം മുന്‍പ് മഞ്ഞ് പെയ്തിരുന്ന മൂന്നാര്‍ ഇന്ന് ചുട്ട്പൊള്ളുകയാണ്. വേനല്‍ കടുത്തതോടെ  വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു.  ഇടുക്കിയുടെ വിനോദ സഞ്ചാര മേഖല  കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍.  

സാധാരണയായി ഈ സമയത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ചൂടില്‍നിന്ന് ആശ്വാസം കിട്ടാന്‍ ഹൈറേഞ്ചിന്റെ കുളിര് തേടിയെത്തിയിരുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ഹൈറേഞ്ചില്‍ ചൂട് വര്‍ധിച്ചു, സഞ്ചാരികളുടെ കടന്നുവരവും കുറഞ്ഞു. ഹൈറേഞ്ച് മേഖലയില്‍ ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന മൂന്നാറില്‍ മുപ്പത് ഡിഗ്രി വരെയാണ് താപനില. മാസങ്ങള്‍ക്ക് ശേഷം രാജമല ദേശിയോദ്യാനം  തുറന്നെങ്കിലും സഞ്ചാരികളുടെ കടന്നുവരവില്‍ വന്‍ ഇടിവാണ്  ഉണ്ടായത്. 

മൂന്നാറില്‍ ഒാഫ് റോഡ്  സവാരി ജീപ്പുകളുടെ വരുമാനം കൊണ്ട് ഉപജീവനം കണ്ടെത്തിയിരുന്നവരും  പ്രതിസന്ധിയിലായി. ഇടുക്കിയുടെ വിനോദ സഞ്ചാര മേഖല ഉണരണമെങ്കില്‍ ഇനി താപനില കുറയുകയും, വേനല്‍ മഴയും എത്തുകയും വേണം.