ടോം വടക്കനെ ബിജെപിയും ചതിച്ചു; മറുകണ്ടം ചാടിയിട്ടും സീറ്റ് ഇല്ല

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസ് പാളയത്തിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ ടോ വടക്കന് അവിടെയും സീറ്റില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കൻറെ പേരില്ല. ഇനി പ്രഖ്യാപിക്കാനുള്ളത് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ മാത്രം. ഇവിടെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിത്വം ഏറെക്കുറേ ഉറപ്പിച്ചും കഴിഞ്ഞു. ഇതോടെ ഇത്തവണയെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച സീറ്റ് വടക്കന് നഷ്ടമായി.  

ബിജെപി സംസ്ഥാനഘടകം തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കൻ ഇല്ലെന്നും വടക്കന്റ കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുകയെന്നുമാണ് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. തൃശൂരോ ചാലക്കുടിയോ കിട്ടുമെന്നാണ് ടോം വടക്കൻ പ്രതീക്ഷിച്ചിരുന്നതും. എന്നാൽ കൊല്ലം കൊടുക്കാമെന്ന് കേന്ദ്രനേതൃത്വം ധാരണയിലെത്തി. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച സാബു വർഗീസീനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി. 

മത്സരിക്കാൻ ഒരു സീറ്റ്. അതായിരുന്നു ടോം വടക്കന്റെ ലക്ഷ്യം. അതിനുള്ള ചരടുവലികൾ പലവട്ടം നടത്തി, എല്ലാം പരാജയപ്പെട്ടു. 2009ൽ തൃശൂര്‍ ആര്‍ച്ച് ബിഷപ്പിന്റെ നീക്കത്തിലൂടെ തൃശൂര്‍ സീറ്റിനു വേണ്ടി ശ്രമിച്ചു. 

കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി എന്ന നിലയിലും കാര്യങ്ങൾ ദേശീയതലത്തിൽ കാണാൻ കെൽപ്പുള്ള ആളെന്ന നിലയിലും ടോം വടക്കനെ കോൺഗ്രസ് സ്‌ഥാനാർഥിയാകാൻ പലവട്ടം ദേശീയ നേതൃത്വവും തീരുമാനിച്ചതാണ്. സാമുദായിക ഫോർമുലകളും വടക്കന് അനുകൂലമായിരുന്നു. പക്ഷേ, വടക്കന്റെ കേരളത്തിലേക്കുള്ള രംഗപ്രവേശം പിഴച്ചുപോയി.

രണ്ട് പതിറ്റാണ്ടോളം കോൺഗ്രസിന്റെ മാധ്യമ വിഭാഗം സെക്രട്ടറിയായിരുന്നു ടോം വടക്കൻ. വാർത്തസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും കോൺഗ്രസിന്റെ സ്ഥിരം മുഖം. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം സ്ഥാപിച്ച ആദ്യത്തെ മാധ്യമ സമിതിയിലെ അംഗമായിരുന്നു വടക്കൻ. മാധ്യമ സെൽ സെക്രട്ടറി സ്ഥാനത്ത് നിന്നും എ.ഐ.സി.സി സെക്രട്ടറിയായി. ദേശീയ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രൈബ്യൂണൽ അംഗമായിരുന്ന ടോം, ദേശീയ ഫിലിം സെൻസർ ബോർഡിൽ കേരളത്തിന്റെ ചുമതലയുള്ള അംഗമായിരുന്നു. സോണിയ ഗാന്ധിയുമായും രാഹുലുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാൽ ദേശീയ രാഷ്ട്രീയത്തില്‍ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേയ്ക്ക് കെ.സി വേണുഗോപാല്‍ ഉയര്‍ന്നപ്പോള്‍ ഇരുവരുമായി അദ്ദേഹം അകന്നു.

കോണ്‍ഗ്രസിനെ ഞെട്ടിച്ചായിരുന്നു എ.ഐ.സി.സി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത പുറത്തുവന്നത്. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്കാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചത്.