കെ.സി. വയനാട്ടിലെങ്കില്‍ ഷാനിമോള്‍ ആലപ്പുഴയില്‍; വീണ്ടും പിടിമുറുക്കി ‘ഗ്രൂപ്പ്’

കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിനുള്ള കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി  ഡല്‍ഹിയില്‍ തുടരുന്നു. മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ നാളെ ചേരുന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയാവും അന്തി തീരുമാനമെടുക്കുക. ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സീറ്റില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് എറണാകുളത്തെ സിറ്റിങ് എം.പി കെ.വി തോമസും വ്യക്തമാക്കി.

തിരക്കിട്ട കൂടിയാലോചനകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഡല്‍ഹിയില്‍  നടന്നത്. രാവിലെ കേരളഹൗസില്‍ മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിവിധ സീറ്റുകളിലെ സാധ്യത സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി. ഗ്രൂപ്പ് പ്രാതിനിധ്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവരുതെന്ന് അഭിപ്രായമുയര്‍ന്നു.  തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ എ.കെ. ആന്‍റണിയുടെ വസതിയിലേക്ക്. 

ഇതിനിടയില്‍ എറണാകുളത്തെ സിറ്റിങ് എം.പി കെ.വി.തോമസിനെ വാര്‍ റൂമിലേക്ക് വിളിപ്പിച്ചത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഇത്തവണ മാറിനില്‍ക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളെ അദ്ദേഹം തള്ളി.  പാര്‍ട്ടിയാണ് എല്ലാം. പാര്‍ട്ടി പറയുന്നത് അനുസരിക്കും–അദ്ദേഹം പറഞ്ഞു.   

ജാതിസമവാക്യങ്ങള്‍ പരിഗണിച്ചാവും എറണാകുളം, ചാലക്കുടി, ഇടുക്കി, തൃശൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. കെ.സി വേണുഗോപാല്‍ വയനാട്ടില്‍ മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ മല്‍സരിക്കും.  ഇടുക്കിയില്‍ ജോസഫുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സമ്മതിക്കുമ്പോഴും കൈപ്പത്തി ചിഹ്നത്തിലാവും മല്‍സരമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.