കൊച്ചിയുടെ വർണം നിറയുന്ന വിദേശി വര; കേരളം വല്ലാത്തൊരു ഊര്‍ജമെന്ന് സൂസന്‍ ബ്യൂല

അറബിക്കടല്‍ തീരത്തെ ചാകരയും , വേനല്‍ കാഴ്ചകളും കാന്‍വാസിലാക്കാന്‍ യു.കെ. സ്വദേശിനി സൂസന്‍ ബ്യൂല പതിവ് തെറ്റിക്കാതെ കേരളത്തിലെത്തി. തുടര്‍ച്ചയായ ഇരുപതാം വര്‍ഷമാണ് എഴുപത്തിയഞ്ചുകാരിയായ സൂസന്‍ നിറക്കൂട്ടുകളുമായി കേരളമണ്ണിലെ വേറിട്ട കാഴ്ചകള്‍ക്ക് വര്‍ണം പകരാനെത്തുന്നത്.. ദൈവത്തിന്റെ സ്വന്തം നാടിന്റെ കൂട്ടുകാരിയായ  സൂസന്  ഹാംപ്ഷെയറില്‍ മലയാളമണമുള്ള  ഒരാര്‍ട്ട് ഗാലറിയുമുണ്ട് .

രണ്ടുപതിറ്റാണ്ടായി ജന്മനാടുപോലെ തന്നെയാണ് സൂസന്‍ ബ്യൂലയ്ക്ക് കേരളം . 1999 ശേഷം സൂസന്‍ ജന്മനാട്ടിലെ ശൈത്യകാലം കണ്ടിട്ടില്ല . ഹാംപ്ഷെയറില്‍ മഞ്ഞുപെയ്യാന്‍ തുടങ്ങും മുമ്പേ അവര്‍ കേരളത്തിലെത്തിയിട്ടുണ്ടാകും   പ്രായം എഴുപത്തഞ്ച് പിന്നിട്ടിട്ടും സഞ്ചാരത്തോടുള്ള ആവേശത്തിന് ഒറു കുറവുമില്ല . കേരളമാണ് അവരുടെ സ്വപ്നഭൂമി  സൂസന്റെ വാക്കുകളില്‍ പറഞ്ഞാല്‍ കേരളമൊരു വര്‍ണ പ്രപഞ്ചമാണ്. പുലര്‍കാലവും, നട്ടുച്ചയും, വൈകുന്നേരവും, സന്ധ്യനേരവുമെല്ലാം വ്യത്യസ്ത നിറങ്ങളുടെ സങ്കലനങ്ങള്‍ കൂടിയാണ്. കേരളം വല്ലാത്തൊരു ഊര്‍ജമാണ് ഒാരോ സന്ദര്‍ശനകാലത്തും സമ്മാനിക്കുന്നത്. ഒപ്പം മലയാളികളോടും നിറയെ സ്നേഹമാണ് സൂസന്.

ഹാംപ്ഷയറില്‍ സ്വന്തമായി ആര്‍ട് ഗ്യാലറി നടത്തുന്ന സൂസന്‍ അധ്യാപക ജോലി ഉപേക്ഷിച്ചാണ് ചിത്രകലയ്ക്കായ് ജീവിതം മാറ്റിവച്ചത്. ലോകത്തിന്റെ പല കോണുകളിലും ചിത്രം വരയ്ക്കാനായ് സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇഷ്ട സ്ഥലം കേരളം തന്നെ. കേരളതീരത്തെ ചാകരയെ കുറിച്ചും മത്സ്യത്തൊഴിലാളി ജീവിതത്തെ കുറിച്ചും ഏറെ പഠിച്ചിട്ടുമുണ്ട് ഈ ചിത്രകാരി.  കേരളത്തിെലത്ത വരച്ച ചിത്രങ്ങള്‍ രണ്ട് തവണ ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ചിത്രരചന ഈ എഴുപത്തിയഞ്ചുകാരിക്ക് ജീവിതമാണ്

ഇക്കുറി ചിത്രപ്രദര്‍ശനം കൂടി ലക്ഷ്യമിട്ടാണ് കൊച്ചിയിലെത്തിയതെങ്കിലും ഹാളുകള്‍്ക്കായി ആവശ്യപ്പെട്ട ഭീമവാടക അതില്‍ നിന്നും പിന്തരിപ്പിച്ചു. വ്യാഴാഴ്ച സൂസന്‍ ജന്മനാട്ടിലേക്ക് മടങ്ങും. അടുത്ത ജനുവരിയില്‍ ഇവിടേക്ക് വീണ്ടുമെത്താന്‍.