ഇവിടെ സത്യസന്ധർക്ക് മാത്രം പ്രവേശനം; ജീവനക്കാരോ ബിൽ കൗണ്ടറോ ഇല്ലാത്ത 'സത്യം' കട

ആരുടെയും പ്രേരണയില്ലാതെ, സമ്മര്‍ദങ്ങളില്ലാതെ സാധനം വാങ്ങാനുള്ളൊരു ഇടമാണ് കൊച്ചിയിലെ സത്യം കട. ഉളളിലല്‍പ്പം സത്യസന്ധതയുണ്ടെങ്കില്‍ ധൈര്യമായി ഇവിടേക്ക് വരാം. ജിവനക്കാരാരുമില്ലാത്ത സത്യം കടയിലേക്ക്

സത്യസന്ധത പരിശോധിക്കാന്‍ ഇതുവരെ ഉപകരണമൊന്നും കണ്ടുപിടിച്ചിട്ടില്ല. പക്ഷേ  കൊച്ചിയില്‍ ഇനി അതിന് സംവിധാനമുണ്ട്. സത്യം സ്റ്റോര്‍. ജീവനക്കാരോ ബില്ലിങ് കൗണ്ടറോ കാഷറോ സിസിടിവിയോ ഇല്ലാത്ത ഒരു കട. വിലയെഴുതിയ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട് ഓരോ സാധനത്തിലും അത് കടയിലെ ബോക്സില്‍ നിക്ഷേപിച്ച് മടങ്ങാം. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് പനമ്പളളിനഗര്‍ അഞ്ചാം ക്രോസ് റോഡില്‍ സത്യം സ്റ്റോര്‍ തുറന്നിരിക്കുന്നത്. ട്രസ്റ്റിന്റെ സായി ഗ്രാമത്തിലെ സാധനങ്ങളാണ് വില്‍പനയ്ക്കുളളത്. പത്തുമുതല്‍ അഞ്ചുവരെയാണ് കടയുടെ പ്രവര്‍ത്തനം. ഇവിടെ നിന്ന് എന്ത് നഷ്ടമായാലും അത് അനാഥരുടെയാണെന്ന് ബോര്‍ഡും കടയിലുണ്ട്. കടയിലെത്തുന്നവരാരും പണം നിക്ഷേപിക്കാതെ മടങ്ങില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം

ട്രസ്റ്റിന്റെ രണ്ടാമത്തെ സ്റ്റോറാണ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ആദ്യ സ്റ്റോര്‍ 2017ല്‍ തിരുവനന്തപുരത്ത് തുടങ്ങി. കടയില്‍ നിന്നു ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്കെടുപ്പുകളൊന്നും ട്രസ്റ്റ് നടത്താറില്ല. ഞായറാഴ്ചകളില്‍ ജൈവപച്ചക്കറികളും ഇവിടെ വില്‍പനക്ക് വരും.