മോഹൻലാല്‍ എന്തുചെയ്യുമെന്ന് നോക്കട്ടെ: മാനനഷ്ടക്കേസിൽ ഖാദി ബോർഡ്

മാനനഷ്ടത്തിന് 50 കോടി രൂപ ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടിസിനു മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡിന്റെ തീരുമാനം. മോഹന്‍ലാല്‍ എന്തു നിയമനടപടി സ്വീകരിക്കുമെന്നു നോക്കിയശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ഖാദി ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. 

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണു പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. ഇതിന് മറുപടിയായാണ് മോഹൻലാലിന്റെ നോട്ടീസ്. 

ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ 50 കോടി രൂപ നല്‍കണമെന്നാണു ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.