ഭൂമിപ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും; മുന്നറിയിപ്പുമായി രൂപത

വനംവകുപ്പുമായുള്ള കര്‍ഷകരുടെ ഭൂമിപ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് താമരശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വേണ്ടിവന്നാല്‍ കോടഞ്ചേരിയും തിരുവമ്പാടിയും വനംവകുപ്പ് നിരോധിത മേഖലയായി ജനങ്ങള്‍ പ്രഖ്യാപിക്കും.  ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോഴിക്കോട് ആനക്കാംപൊയിലില്‍ കര്‍ഷക ഭൂമി സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ അദ്ദേഹം പറഞ്ഞു.  

കര്‍ഷകരുടെ ഭൂമിയില്‍ ജണ്ടയിടാനുള്ള വനംവകുപ്പിന്റെ നീക്കം ഉപേക്ഷിക്കുക. കര്‍ഷകര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക. അന്യായമായി ഏറ്റെടുത്ത ഭൂമി തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം സംഘടിപ്പിച്ചത്.

മതിയായ രേഖകളുണ്ടായിട്ടും വനംവകുപ്പ് കര്‍ഷകരോട് കാണിക്കുന്നത് ദ്രോഹമാണ്. ഇങ്ങനെ തുടര്‍ന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മലയോരമേഖലയിലേയ്ക്ക് പ്രവേശിക്കാനാകില്ലെന്നും ബിഷപ്പ് പറഞ്ഞു. വനംവകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ കര്‍ഷകര്‍ കത്തിച്ചു. കുണ്ടന്‍തോട്, മറിപ്പുഴ, മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍, പുല്ലൂരാംപാറ, കക്കാടംപൊയില്‍ മേഖലയിലെ ജനങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.