കീടനാശിനി പ്രയോഗം; കര്‍ശന നടപടികളുമായി കൃഷിവകുപ്പ്

തിരുവല്ല പെരിങ്ങരയില്‍ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ  രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിച്ചതിനുപിന്നാലെ കര്‍ശന നടപടികളുമായി കൃഷിവകുപ്പ്. സംസ്ഥാനത്തെ മുഴുവന്‍ വളം–കീടനാശിനി ഡിപ്പോകളിലും പരിശോധന നടത്തി നടപടിയെടുക്കും.  അപ്പര്‍കുട്ടനാട് മേഖലയില്‍ അടിയന്തിരമായി കര്‍ഷകരുടെ യോഗം വിളിക്കാനും തീരുമാനമായി.

സംസ്ഥാനത്തെ വിപണിയിലെത്തുന്ന പച്ചക്കറികളിലുംമറ്റും അമിതകീടനാശിനി പ്രയോഗം നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വളം– കീട– കളനാശിനികളുടെ വിപണനവും ഉപയോഗവും സംബന്ധിച്ച് ഈ മാസം മൂന്നിന് കൃഷിവകുപ്പ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ വളം കീടനാശിനി ഡിപ്പോകളും പരിശോധിക്കുന്നതിനും, അനുമതിയില്ലാത്തവ വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപട‌ിയെടുക്കുന്നതിനുമാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. വില്‍പന നടത്തുന്ന കീടനാശിനികളുടെയുംമറ്റും പേരുവിവരങ്ങളും, ഉപയോഗവും, അളവും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ഈ മാസം മുപ്പത്തിയൊന്നിന് മുന്‍പ് കടകള്‍ക്ക് മുന്നില്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് തിരുവല്ലയിലെ ദുരന്തമുണ്ടായത്. ഇതോടെ അടിയന്തിരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അപ്പര്‍കുട്ടനാട് മേഖലയിലെ കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കാനാണ് കൃഷിവകുപ്പിന്‍റെ തീരുമാനം. മിക്കവാറും പാടങ്ങളില്‍ നെല്‍ച്ചെടികള്‍ കതിരണിയുന്ന ഘട്ടമെത്തിയതിനാല്‍ അമിതമായ കീടനാശിനി പ്രയോഗം തടയുകയെന്നതാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.