തരിശുഭൂമി പൂപ്പാടമാക്കി; ചേർത്തലയിൽ വീണ്ടും സൂര്യവസന്തം

ചേർത്തലയുടെ ചൊരിമണലിൽ വീണ്ടും സൂര്യവസന്തം. മരുത്തോർവട്ടം പള്ളിയോട് ചേർന്ന് വെറുതെ കിടന്നിരുന്ന ഒന്നര ഏക്കർ സ്ഥലത്താണ് സൂര്യകാന്തി പൂക്കൾ വിരിഞ്ഞത് . നാളെ  മുതല്‍ ഈ സൂര്യവസന്തം ആസ്വാദകരുടെ   കണ്ണുകള്‍ക്ക് ഇമ്പം പകരും 

സൂര്യതേജസോടെ വിടർന്നു ശോഭിക്കുകയാണ് ഈ സൂര്യകാന്തിപൂക്കള്‍. ചേർത്തല മരുത്തോർവട്ടം സെന്‍റ് സെബാ സ്റ്റ്യൻസ് പള്ളിപ്പരിസരത്താണ് ഈ സൂര്യകാന്തിപ്പാടം. പള്ളിയുെട പിറകില്‍ വെറുതെകിടക്കുന്ന സ്ഥലം കണ്ട് കഞ്ഞിക്കുഴിയിലെ യുവകർഷകനായ എസ്പി  സുജിത്താണ് സൂര്യകാന്തി കൃഷി ചെയ്യുന്നതിനെക്കുറിച്ച് പള്ളി വികാരി ഫാ.കുര്യന്‍ ഭരണികുളങ്ങരയോട് പറഞ്ഞത്. സൂര്യകാന്തി അടക്കം വിവിധയിനം കൃഷികൾ ചെയ്ത് വിജയിപ്പിച്ച ആളാണ് സുജിത്ത് 

 ഒന്നരമാസം മുന്‍പാണ് മൂന്നാഴ്ചപ്രായമായ പതിനായിരത്തോളം സൂര്യകാന്തിച്ചെടികള്‍ നട്ടത്.ഇപ്പോൾ ഭൂരിഭാഗം ചെടികളിലും പൂക്കൾ നിറഞ്ഞു.  കാര്‍ഷിക ടൂറിസം പദ്ധതിയുടെ ഭാഗമാക്കി സൂര്യകാന്തിപാടത്തെ മാറ്റാനാണ് ആലോചന

ജൈവരീതിയിലാണ്  സൂര്യകാന്തികൃഷി ചെയ്തത്. ചേര്‍ത്തലനഗരസഭയുടെയും എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ പിന്തുണയുമുണ്ടായിരുന്നു

ഈ സൂര്യവസന്തം ഞായറാഴ്ചമുതല്‍ കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാനാവും. കാലാവസ്ഥ അനുകൂലമെങ്കില്‍ രണ്ടാഴ്ചവരെ പൂക്കള്‍ നിലനില്‍ക്കും.1600 ഗ്രോബാഗുകളിലായി പച്ചക്കറി, മറ്റുപുഷ്പങ്ങള്‍ എന്നിവയുടെ കൃഷിക്കും തയാറെടുപ്പ് നടന്നുവരികയാണ്.  കൊച്ചിയിലും സൂര്യകാന്തി തോട്ടങ്ങളുണ്ടാക്കുന്നതിനുള്ള നടപടികള്‍ സഹൃദയ തുടങ്ങിയിട്ടുണ്ട്.


തരിശുഭൂമി പൂപ്പാടമാക്കി; ചേർത്തലയിൽ വീണ്ടും സൂര്യവസന്തം