മനുഷ്യക്കടത്ത്: ഒരു മാസത്തിനിടെ വിദേശത്തെത്താൻ ശ്രമിച്ചത് 400 പേർ; വൻ തയ്യാറെടുപ്പ്

ഒരു മാസത്തിനിടെ 400ൽ പരം പേർ ദക്ഷിണേന്ത്യൻ തീരങ്ങളിൽനിന്ന് അനധികൃത മാർഗങ്ങളിലൂടെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കു കടക്കാൻ ശ്രമിച്ചതായി സൂചന. ഇതിൽ എത്ര പേർ ലക്ഷ്യസ്ഥാനത്തെത്തി എന്നു വ്യക്തമല്ല.  ശ്രീലങ്കൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവരെ മുനമ്പംവഴി വിദേശത്തേക്ക് അനധികൃതമായി കടത്തിയ സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഈ വിവരം ലഭിച്ചത്

സംഭവത്തിൽ 2 ദിവസത്തിനകം ചിത്രം വ്യക്തമാകുമെന്ന് എറണാകുളം റൂറൽ എസ്പി രാഹുൽ ആർ. നായർ പറഞ്ഞു. ‘‘മുനമ്പത്തുനിന്നു മാത്രമല്ല, തമിഴ്നാട് തീരത്തുനിന്നും ആളുകൾ പോയതായാണു സൂചന. അപ്രത്യക്ഷരായവരിൽ ചിലർ, ഓസ്ട്രേലിയയിലേക്കോ ന്യൂസിലൻഡിലേക്കോ പോകുന്നുവെന്നാണു മറ്റുള്ളവരോടു പറഞ്ഞത്. സംഘത്തിൽ എത്ര പേരുണ്ടെന്നും ഏതു വഴിയാണു കടന്നതെന്നും വ്യക്തമല്ല. മുനമ്പത്തെ ഒരു ബോട്ട് കാണാതായിട്ടുണ്ട്–’’ അദ്ദേഹം അറിയിച്ചു

അതേസമയം, കടത്തുസംഘം ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട 2 ഇടനിലക്കാരെ മുനമ്പം പൊലിസ് ചോദ്യം ചെയ്തു. ഇവരിൽ ഒരാൾ മാല്യങ്കര സ്വദേശിയും രണ്ടാമൻ പളളിപ്പുറത്തുകാരനുമാണ്. മറ്റു 4 ഇടനിലക്കാർക്കും ബോട്ട് ഇടപാടിൽ പങ്കുണ്ടത്രെ. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കേസിൽ പൊലിസ് അന്വേഷിക്കുന്ന മുഖ്യപ്രതി ശ്രീകാന്തനുമായി പലതവണ ഫോണിൽ ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണു ബ്രോക്കർമാർ കസ്റ്റഡിയിലായത്. ബോട്ടിനുവേണ്ടി തങ്ങളെ സമീപിച്ചതു തമിഴ്നാട് സ്വദേശിയായ ഒരാളാണെന്നും ബ്രോക്കർമാർ മൊഴി നൽകി. കമ്മിഷനായി അര ലക്ഷത്തോളം രൂപ വീതം ഇവർക്കു ലഭിക്കുകയും ചെയ്തു

അതിനിടെ, മത്സ്യബന്ധന ബോട്ടുകളിലെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ തിരിച്ചറിയൽ രേഖകളും ബോട്ടുകളുടെ റജിസ്ട്രേഷൻ രേഖകളും ബോട്ടിൽതന്നെ സൂക്ഷിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ബോട്ടുകളിൽ ഇന്നു പരിശോധന ആരംഭിക്കുമെന്നും നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

മുഖ്യ പ്രതി ശ്രീകാന്തൻ വാങ്ങിയ ഒരു വീടു കൂടി കണ്ടെത്തി

കോവളം∙ കൊച്ചി മുനമ്പത്തു നിന്നുള്ള മനുഷ്യക്കടത്ത് സംഭവത്തിലെ മുഖ്യപ്രതിയെന്നു കരുതുന്ന ശ്രീകാന്തന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാ‍ൾ വെങ്ങാനൂർ ഭാഗത്തു വാങ്ങിയ മറ്റൊരു വീടു കൂടി അന്വേഷണ സംഘം കണ്ടെത്തി. വെങ്ങാനൂരിൽ നിന്ന് ഇരുപതോളം പേരെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാനും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം വൈകിട്ടോടെ ഡ്രൈവറുമായി കൊച്ചിക്കു മടങ്ങി

ശ്രീകാന്തൻ വെണ്ണിയൂർ പുന്നവിളയിൽ 15 ലക്ഷം രൂപയ്ക്കു വാങ്ങിയ വീടാണു കണ്ടെത്തിയത്. ഇയാളുടെ ബന്ധു മണിവർണന്റെ വസ്ത്രങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നു. മണിവർണനും കുടുംബവും മനുഷ്യക്കടത്തു സംഘത്തിനൊപ്പം പോയിരിക്കാമെന്നു കരുതുന്നു. ഏഴിനു രാത്രിയാണു സംഘം ഇവിടെ നിന്നു പുറപ്പെട്ടത്. എറണാകുളത്തേക്കെന്നു പറഞ്ഞാണു വണ്ടി വിളിച്ചതെങ്കിലും പിന്നീടു കൊടുങ്ങല്ലൂരിലേക്കു യാത്ര നീട്ടിയെന്നു ഡ്രൈവർ അറിയിച്ചു. 20,000 രൂപ വാടകയായി നൽകി. കുന്നത്തൂർ എസ്ഐ: ടി.ദിലീഷ്, എസ്‍സിപിഒമാരായ വേണുഗോപാൽ, എൽദോസ്, സിപിഒ: മനാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെങ്ങാനൂരിലെ രണ്ടു നാളത്തെ അന്വേഷണം