കെഎം ഷാജിക്ക് നിയമസഭയിൽ പങ്കെടുക്കാം; ഉത്തരവ് ആവർത്തിച്ച് സുപ്രീംകോടതി

അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി സമർപ്പിച്ച ഹർജിയിൽ മുൻ ഉത്തരവ് ആവർത്തിച്ച് സുപ്രീംകോടതി. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ആനുകൂല്യങ്ങളും ലഭിക്കില്ല. 

അഴീക്കോട് തിരഞ്ഞെടുപ്പും, എം.എൽ.എ സ്ഥാനവും റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷാജി സമർപ്പിച്ച രണ്ടു ഹർജികളും ഒരുമിച്ചു പരിഗണിക്കാൻ ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തിലെ സി.പി.എം പ്രവർത്തകനായ ടി.വി. ബാലൻ നൽകിയ ഹർജിയിലാണ് രണ്ടാമതും ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.    

അതേ സമയം കെഎം ഷാജിയെ അയോഗ്യനാക്കാനിടയായ നോട്ടീസ് പൊലീസ് കണ്ടെടുത്തതല്ലെന്ന രേഖകൾ പുറത്തുവന്നിരുന്നു. വളപട്ടണം പൊലീസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ലഘുലേഖ സിപിഎം നേതാവ് ഹാജരാക്കിയതാണെന്ന വിവരങ്ങളുള്ളത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ വർഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് എതിർ സ്ഥാനാർഥി എംവി നികേഷ്കുമാർ സമർപ്പിച്ച ഹർജീയിലാണ് ഷാജിക്കെതിരെ നടപടിവന്നത്.