പരിമിതികളിൽ വലഞ്ഞ് കെഎസ്ആർടിസി ജീവനക്കാർ; സൗകര്യം ഉറപ്പാക്കാനൊരുങ്ങി എകെ ശശീന്ദ്രൻ

പമ്പയിലും നിലയ്ക്കലിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മതിയായ സൗകര്യം ഉറപ്പാക്കാന്‍ ദേവസ്വംമന്ത്രിയോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. പ്രാഥമികാവശ്യത്തിനുള്ള ഇടം പോലുമില്ലെന്ന തൊഴിലാളികളുടെ പരാതി ന്യായമാണ്. പ്രതിസന്ധി ദേവസ്വം ബോര്‍ഡ് വേഗത്തില്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. 

പരിമിതമായ താമസസൗകര്യം. ഭക്ഷണം കിട്ടാത്ത അവസ്ഥ. പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനുള്ള സ്ഥലപരിമിതി. ദീര്‍ഘനേരത്തെ ജോലി കഴിഞ്ഞെത്തിയാലും വിശ്രമിക്കാനുള്ള സൗകര്യമില്ല തുടങ്ങിയ പരാതിയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ളത്. ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നുമാണ് ഗതാഗതമന്ത്രി ദേവസ്വം മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രതിസന്ധിയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും അവയെല്ലാം മറന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ പരിമിതി മറികടക്കേണ്ടതുണ്ട്. സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന് അടിയന്തര നടപടിയെടുക്കാന്‍ ദേവസ്വം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് ) നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഇത്തവണ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് മാത്രമാക്കി ചുരുക്കിയതാണ് ആദ്യഘട്ടത്തില്‍ത്തന്നെ ജീവനക്കാരുടെയും ബസുകളുടെയും എണ്ണം കൂട്ടാനുള്ള കാരണം. തിരക്ക് കൂടുന്നതിനനുസരിച്ച് വാഹനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം ഇനിയും ഉയര്‍ത്തും. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ പ്രതിസന്ധി കൂടുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ ബോര്‍ഡ് പരാജയപ്പെട്ടെന്ന തീര്‍ഥാടകരുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും അതൃപ്തി അറിയിച്ചിരിക്കുന്നത്.