വൻകരകൾ താണ്ടി 'തരംഗിണി' മടങ്ങിയെത്തി; ആവേശകരമായ സ്വീകരണം

ഇന്ത്യന്‍ നാവികസേനയുടെ കടല്‍യാത്ര പരിശീലന പായ്ക്കപ്പലായ ഐഎന്‍എസ് തരംഗിണി ലോകംചുറ്റി കൊച്ചിയില്‍ മടങ്ങിയെത്തി. 120 ഓഫീസര്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു സാഹസിക യാത്രയുടെ ലക്ഷ്യം. മൂന്നു ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് ഏഴുമാസത്തിന് ശേഷം തിരിച്ചെത്തിയ തരംഗിണിയെ ആവേശത്തോടെയാണ് നാവികര്‍ സ്വീകരിച്ചത്.  

ലോകം കീഴടക്കിയാണ് തരംഗിണിയുടെ വരവ്. അറബിക്കടലില്‍ നിന്ന് ചെങ്കടല്‍, സൂയസ് കനാല്‍, മെഡിറ്ററേനിയന്‍ കടല്‍, ജിബ്രാള്‍ട്ടര്‍ കടലിടുക്ക്, നോര്‍ത്ത് അറ്റ്ലാന്റിക് കടല്‍, ബേ ഓഫ് ബിസ്കേ, ഇംഗ്ലീഷ് ചാനല്‍ എന്നിവിടങ്ങിലൂടെയുള്ള ഏഴുമാസം നീണ്ട സാഹസികയാത്രയ്ക്ക് ശുഭാന്ത്യം. ഇരുപത്തിരണ്ടായിരം നോട്ടിക്കല്‍ മൈല്‍ പിന്നീട്ട് കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് തിരിച്ചെത്തിയ തരംഗിണിയെ അഭിവാദ്യങ്ങളോടെയാണ് നാവികര്‍ സ്വീകരിച്ചത്. 

205 ദിവസത്തിന് ശേഷം കൊച്ചിയില്‍ മടങ്ങിയെത്തിയ തരംഗിണിയെ സ്വീകരിക്കാന്‍ ദക്ഷിണ നാവികസേന കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ ആര്‍.ജെ നട്കര്‍ണി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമെത്തി. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്ന് ഓഫീസര്‍ ട്രെയിനികളേയുമായി ഐഎന്‍എസ് തരംഗിണി ലോകം ചുറ്റാന്‍ പുറപ്പെട്ടത്. യാത്രയ്ക്കിടെ 13 രാജ്യങ്ങളിലെ 15 തുറമുഖങ്ങളില്‍ നങ്കൂരമിട്ടു. അതിനിടെ ഫ്രാന്‍സിലും ഇംഗ്ലണ്ടിലും നോര്‍വെയിലും നടന്ന പായ്ക്കപ്പലോട്ട മല്‍സരങ്ങളില്‍ മാറ്റുരച്ചു.  1997ല്‍ കമ്മിഷന്‍ ചെയ്ത തരംഗിണി 20ാമത്തെ ദീര്‍ഘദൂര യാത്രയാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്.