ഒരു ചോറൂണില്‍ തുടങ്ങിയ ചര്‍ച്ചകള്‍, വിവാദം; പതിറ്റാണ്ടുകളിപ്പുറം ചരിത്രവിധി, അക്കഥ

ചരിത്രവിധിയുടെ അലയൊലികൾ രാജ്യമാകെയും കേരളത്തിലും വൻചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ശബരിമലയിൽ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. വിധിക്കെതിരെ തമിഴ്നാട്ടിൽ നടന്ന പോലെ ജെല്ലിക്കെട്ട് മോഡൽ സമരത്തിന് തുടക്കമാകുെമന്നുവരെ ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ 28 വർഷം മുൻപ് പത്രത്തിൽ വന്ന വാർത്തയാണ് ഇന്ന് ഇൗ വിധിയിലെത്തി നിൽക്കുന്നത് എന്നതാണ് ഏറെ കൗതുകകരം.

1990ലെ ഒരു പത്രത്തിലെ ചിത്രമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വഴിവച്ചത്. 2006 ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രങ്ങളിൽ വന്നതോടെയാണ് കേസിന് ആസ്പദമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. ചങ്ങനാശേരി സ്വദേശിയായ എസ്.മഹേന്ദ്രൻ ഈ ചിത്രം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബര്‍ 24ന് ഒരു ഹർജി സമർപ്പിച്ചു.  

ശബരിമലയിൽ ചിലര്‍ക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികൾ ശബരിമലയിൽ കയറുന്നു എന്നുമായിരുന്നു പരാതിയിലെ മുഖ്യ ആരോപണം. ഈ പരാതി ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിക്കാൻ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ.പരിപൂര്‍ണൻ, കെ.ബി.മാരാര്‍ എന്നിവര്‍ തീരുമാനിച്ചതോടെ കേസിന് പുതിയ വഴിത്തിരിവായി. 1991 ഏപ്രിൽ അഞ്ചിന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നിർണായക ഉത്തരവ് വന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു വിധിയിൽ പറഞ്ഞത്.  

പിന്നീട് 15 വര്‍ഷത്തിന് ശേഷം 2006ലാണ് യംങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൽകുന്നത്. സുപ്രീംകോടതിയിലെ ജസ്റ്റിസ് അരജിത് പസായത്ത്, ജസ്റ്റിസ് ആര്‍.വി.രവീന്ദ്രൻ അങ്ങനെ പല കോടതികളിലൂടെ ഈ കേസ് കടന്നുപോയി. 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ കോടതിയിലേക്ക് എത്തി. കേസിൽ ഭരണഘടനപരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതി കണ്ടെത്തി. 2017 ഒക്ടോബര്‍ 13ന് അഞ്ച് ചോദ്യങ്ങളോടെ ശബരിമല കേസ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടന ബെഞ്ചിലേക്ക് വിട്ടത്. എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ട് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ശബരിമല കേസ് വിധി പറയാൻ മാറ്റിവച്ചത്.

ചരിത്രവിധി ഇങ്ങനെ

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കുനീക്കി സുപ്രീംകോടതിയുടെ ചരിത്രവിധി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും മലചവിട്ടാമെന്ന് ഭരണഘടനാബഞ്ച് വിധിച്ചു. ആര്‍ത്തവം തുടങ്ങിയ ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും, പ്രാര്‍ഥിക്കാന്‍ സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്നും കോടതി വിധിച്ചു. അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോള്‍, ബെഞ്ചിലെ ഏകവനിതാജഡ്ജി ഇന്ദു മല്‍ഹോത്ര എതിര്‍ത്തു.

1) കേരള ക്ഷേത്രപ്രവേശനചട്ടത്തിലെ മൂന്ന് (ബി) ചട്ടം റദ്ദാക്കി

2) സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരില്‍ വിലക്കാനാകില്ല

3) പുരുഷാധിപത്യമാണ് പ്രവേശനവിലക്കിനുള്ള മൂലകാരണം

4) പ്രാര്‍ഥനയ്ക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശം

5)  ആള്‍ക്കൂട്ട ധാര്‍മികതയെ അംഗീകരിക്കാനാകില്ലെന്ന് കോടതി

ആചാരങ്ങളും ലിംഗനീതിയും ഏറ്റുമുട്ടിയ കേസില്‍ ഒടുവില്‍ ലിംഗനീതിക്ക് അംഗീകാരം. ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീപ്രവേശനം വിലക്കിയ 1965ലെ കേരള ക്ഷേത്രപ്രവേശനചട്ടത്തിലെ മൂന്ന് (ബി) ചട്ടം റദ്ദാക്കികൊണ്ടാണ് ചരിത്രവിധി. പത്തിനും അന്‍പതിനുമിടയില്‍ പ്രായമുളള സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരില്‍ വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കറും ഒരുമിച്ചെഴുതിയ വിധിയില്‍ വ്യക്തമാക്കി. 

പ്രവേശനവിലക്ക് മതവിശ്വാസത്തിന്‍റെ സുപ്രധാനഘടകമല്ല. മതത്തിലൂന്നിയ പുരുഷാധിപത്യമാണ് പ്രവേശനവിലക്കിനുള്ള മൂലകാരണം. സ്ത്രീയുടെ പ്രാര്‍ഥനാസ്വാതന്ത്ര്യത്തെ വിശ്വാസത്തിന്‍റെ േപരില്‍ നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഹിന്ദുമതവിശ്വാസത്തിന്‍റെ പ്രധാനഭാഗമായ ക്ഷേത്രദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന് നാല് ജഡ്ജിമാരും ഒറ്റസ്വരത്തില്‍ പറഞ്ഞു.

അയ്യപ്പഭക്തരെ പ്രത്യേകവിഭാഗമായി കാണാന്‍ കഴിയില്ല. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്നത് ഭരണഘടനാ ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. ആള്‍ക്കൂട്ട ധാര്‍മികതയെ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി..