പ്രളയദുരിതം തീരാതെ നാട്; സുഗന്ധവിളകളില്‍ മുപ്പത്തിരണ്ടു ശതമാനവും നശിച്ചു

പ്രളയത്തില്‍ സംസ്ഥാനത്തെ സുഗന്ധവിളകളില്‍ മുപ്പത്തിരണ്ടു ശതമാനവും നശിച്ചെന്ന് കണ്ടെത്തല്‍.  കുരുമുളക് കൃഷിയുടെ അമ്പത്തിമൂന്ന് ശതമാനവും ഇല്ലാതായി. സുഗന്ധവിള മേഖലയില്‍ മാത്രം പ്രളയമുണ്ടാക്കിയത് ആയിരത്തി ഇരുന്നൂറ്റി ഇരുപത്തിയഞ്ച് കോടി  രൂപയുടെ നഷ്ടമാണെന്നും കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം നടത്തിയ പഠത്തില്‍ കണ്ടെത്തി.

ഏലം , കുരുമുളക്  ജാതി,ഗ്രാമ്പു , ഇഞ്ചി  എന്നീ വിളകള്‍ക്കുണ്ടായ നഷ്ടമാണ് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ശാസ്ത്രീയമായി കണക്കാക്കിയിരിക്കുന്നത്. കുരുമുളക്, ഏലം കൃഷി ഏറെയുള്ള ഇടുക്കി , വയനാട് ജില്ലകളിലാണ്  ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. ജാതി കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്ന  എറണാകുളം , തൃശ്ശൂര്‍ ജില്ലകള്‍ ദിവസങ്ങളോളം വെള്ളത്തിനടയിലായതും സ്ഥിതി ഗുരുതരമാക്കി. കുരുമുളകില്‍ മൊത്തം കൃഷിയുടെ  അമ്പത്തിമൂന്ന് ശതമാനം നശിച്ചതോടെ  പതിനായിരത്തി എഴുന്നൂറ് ടണിന്റെ ഉല്‍പാദനക്കുറവുണ്ടാകും. ഏലത്തില്‍ ആറായിരത്തി അറുന്നൂറ് ടണ്ണിന്റെ കുറവും വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നു.

പുതിയ ചെടികള്‍ നട്ടുപിടിപ്പിച്ചു ഉല്‍പാദനം തുടങ്ങണെങ്കില്‍ ചുരുങ്ങിയത് നാലുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരും.അത്യുല്‍പാദന ശേഷിയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകരിലേക്കെത്തിക്കാന്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ സ്വകാര്യ സംരംഭകര്‍ക്ക് കൈമാറാനും നടപടി തുടങ്ങിയിട്ടുണ്ട്.