കിഴക്കൻ മലനിരകളിൽ കനത്ത മഴ; വറ്റിവരണ്ട പെരിയാർ നിറയുന്നു

പ്രളയത്തിന് ശേഷം വരൾച്ചയുടെ സൂചന നൽകി വറ്റിവരണ്ട പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. കനത്ത മഴയെത്തുടർന്നാണ് ജലനിരപ്പ് ഉയരുന്നത്.  രണ്ടു ദിവസങ്ങളിലായി 40 സെന്റിമീറ്റർ  ജലനിരപ്പ് ഉയർന്നു.

കിഴക്കൻ മലനിരകളിൽ നിന്നു മഴവെള്ളം ഒഴുകിയെത്തിയതാണു പെരിയാർ നിറയാൻ ഒരു കാരണം. പുഴയിൽ പെട്ടെന്നു വെള്ളം കൂടിയതു പുതിയ പ്രതിഭാസമാണെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും ആശങ്ക വേണ്ടെന്നും ജല അതോറിറ്റി, ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.

പൊൻമുടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടർ തുറന്നു

മംഗലപ്പുഴ മുതൽ മാഞ്ഞാലി വരെയുള്ള ഭാഗത്തു പെരിയാറിലെ ജലനിരപ്പ് അഞ്ചടിയിലേറെ ഉയരുകയും പ്രദേശത്തെ ഇടത്തോടുകളിലൂടെയുള്ള നീരൊഴുക്കു വർധിക്കുകയും ചെയ്തു. പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ മൂന്നെണ്ണം ഉയർത്തിയാണു കഴിഞ്ഞ രണ്ടുദിവസം ജലനിരപ്പ് നിയന്ത്രിച്ചത്. 

കഴിഞ്ഞ ദിവസം വെള്ളം കൂടിയതിനെ തുടർന്നു പുറപ്പിള്ളിക്കാവ് റഗുലേറ്ററിനു സമീപത്തെ ഇടറോഡിലേക്കു പെരിയാറിൽ നിന്നു വെള്ളം കയറിയിരുന്നു. ഒരടി കൂടി വെള്ളമുയർന്നാൽ ഷട്ടറുകൾ പൂർണമായും മുങ്ങുന്ന അവസ്ഥയാണിപ്പോൾ.