സ്ഥാനവസ്ത്രങ്ങളും അധികാരങ്ങളും ഇല്ലാതെ വീണ്ടും 20-ാം നമ്പര്‍ മുറിയിൽ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയിലെത്തിച്ച് തെളിവെടുത്തു. വൻ സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്. കേസിന് ആധാരമായ കുറ്റകൃത്യം നടന്ന സ്ഥലമെന്ന നിലയ്ക്ക് ഇവിടുത്തെ തെളിവെടുപ്പ് നിർണായകമാണ്. 

കുറവിലങ്ങാട് നാടുകുന്നിലെ ഫ്രാൻസിസ് മിഷൻ ഹോമിന്റെ ഇരുപതാം നമ്പർ മുറി. അവിടെയാണ് ജലന്ധർ രൂപതയുടെ അധിപനായിക്കഴിഞ്ഞ കാലമെല്ലാം ബിഷപ്പ് ഫ്രാങ്കോ സർവ്വ അധികാരങ്ങളോടെയും വന്നു താമസിച്ചത്. ആ അധികാരം ഉപയോഗിച്ച് 13 തവണ തന്നെ അവിടേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന്   കന്യാസ്ത്രി ആദ്യ പരാതിയിൽ പറഞ്ഞത് ശരിയെന്ന് തന്നെ ഉറപ്പിച്ചാണ് അന്വേഷണ സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ രണ്ടാം ദിനമാണ് ഈ തെളിവെടുപ്പ്. രാവിലെ കോട്ടയം പൊലീസ് ക്ലബ്ബിൽ നിന്ന് പുറപ്പെട്ട സംഘം  35 കിലോമീറ്റർ ദൂരം അരമണിക്കൂർ കൊണ്ട് ഓടിയെത്തി. 10. 25ന് ഫ്രാങ്കോയെ മഠത്തിലെത്തിച്ചു. 

സർവ അധികാരങ്ങളോടും കൂടി ആഡംബര കാറിൽ സന്ദര്ശനത്തിനെത്തിയിരുന്ന ബിഷപ്പ്  ഫ്രാങ്കോ ഇത്തവണ സ്ഥാനവസ്ത്രങ്ങളും അധികാരവുമില്ലാതെ കുറ്റാരോപിതനായാണ് മഠത്തിൽ എത്തിയത്. തെളിവെടുപ്പ് 50 മിനിറ്റ് നീണ്ടു. തിരിച്ച് ഇറക്കുമ്പോൾ ബിഷപ്പിനെ കണ്ടതേ ജനക്കൂട്ടം കൂവിവിളിച്ചു. തുടർന്ന് വീണ്ടും പൊലീസ് ക്ലബ്ബിലേക്ക്. പൊലീസ് കസ്റ്റഡി നാളെ അവസാനിക്കുന്നതുകൊണ്ട് അതിവേഗത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്.