കെ.എസ്.ആർ.ടി.സിയിലെ സിംഗിൾ ഡ്യൂട്ടി; യാത്രക്കാരെ വലച്ചതിന് നടപടി

സിംഗിള്‍ ഡ്യൂട്ടിയുടെ മറവില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് യാത്രക്കാരെ വലച്ച യൂണിറ്റ് അധികാരികള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി നടപടി തുടങ്ങി. സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കിയതിന് ശേഷമുള്ള രണ്ടുദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം നാനൂറ് ഷെഡ്യൂളുകളാണ് വെട്ടിക്കുറച്ചത്. ഇതോടെ ഗ്രാമീണ മേഖലയില്‍ യാത്രക്കാരും വലയുകയാണ്.

സിംഗിൾ ഡ്യൂട്ടിയുടെ പേരിൽ കഴിഞ്ഞ ചൊവ്വാഴ്ച മാത്രം തിരുവനന്തപുരത്ത് റദ്ദാക്കിയത് 250 ഷെഡ്യൂളുകൾ .ചൊവ്വാഴ്ച 154 എണ്ണം .മറ്റ് ജില്ലകളിലും സമാന സ്ഥിതി തുടരുന്നതോടെ ഗ്രാമീണ മേഖലയിൽ ബസ്‌ കിട്ടാതെ യാത്രക്കാർ വലയുകയാണ് .ഡ്യൂട്ടി മാറിക്കയറാൻ ജീവനക്കാർ എത്താത്തതുകൊണ്ടാണ് ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുന്നതെന്നാണ് മിക്ക യൂണിറ്റ് അധികാരികളും നൽകുന്ന വിശദീകരണം. 

 എന്നാൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായംമനപൂർവം അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായാണ് മാനേജുമെന്റിന്റെ നിലപാട്.ഇവർക്കെതിരെ നടപടിയെടുക്കുന്നതിന്റെ മുന്നോടിയായാണ് യൂണിറ്റ് അധികാരികളോട് വിശദീകരണം തേടിയിരിക്കുന്നത്.

എട്ടു മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ് മറ്റൊരാൾക്ക് ടിക്കറ്റ് മെഷീൻ കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാൻ കൂടുതൽ ടിക്കറ്റ് മെഷീനുകൾ യൂണിറ്റുകളിൽ എത്തിച്ചു നൽകും .സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയതോടെ അലവൻസ്, ഇന്ധന ചെലവ് ഇനങ്ങളിൽ വലിയ കുറവുണ്ടായെന്നാണ് വിലയിരുത്തൽ.അതേസമയം ദിവസവരുമാനം ആറര കോടിയിൽ നിന്ന് കുറഞ്ഞിട്ടുമില്ല .അതുകൊണ്ടുതന്നെ സിംഗിൾ ഡ്യൂട്ടിയുമായി മുന്നോട്ടു പോകാനാണ് മാനേജ്മെന്റ് തീരുമാനം