‌സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്ക്ക്; നെല്ലും പച്ചക്കറികളുമെല്ലാം കരിഞ്ഞുണങ്ങി

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്ക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി വരണ്ടുണങ്ങുകയാണ് വയലുകളിലെ മണ്ണ്. വ്യാപക കൃഷി നാശമാണ് ഇതുമൂലം ഉണ്ടാകുന്നത്. കോഴിക്കോട് മുക്കത്തെ പാടശേഖരങ്ങളിലെ നെല്ലും പച്ചക്കറികളുമെല്ലാം കരിഞ്ഞുണങ്ങുകയാണ്. 

മൂന്നു മാസമാണ് ഈ വാഴകളുടെ പ്രായം. കരിഞ്ഞുണങ്ങി കഴിഞ്ഞു. വെള്ളപ്പൊക്കത്തെ എങ്ങനെയോ അതിജീവിച്ചെങ്കിലും കുടുത്ത ചൂടിനെ പ്രതിരോധിക്കാനായില്ല. മൂന്നു മാസമാകാത്തതിനാല്‍ ഇന്‍ഷൂറന്‍സും ലഭിക്കില്ല. മിക്ക വിളകളുടെയും സ്ഥിതി ഇതാണ്. നെല്ല്, ചേമ്പ്, ചേന, പച്ചക്കറികള്‍ എന്നിവയെല്ലാം നശിക്കുകയാണ്. മഞ്ഞള്‍ കൃഷിയാകട്ടെ ഉണക്കം ബാധിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റം കനത്ത തിരിച്ചടിയാണ് കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്നത്. 

ഈ രിതിയില്‍ പോയാല്‍ നിലവിലുള്ള കൃഷി നശിക്കുക മാത്രമല്ല  വീണ്ടും കൃഷി ചെയ്യാനാകാത്ത സാഹചര്യവും ഉണ്ടാകും. മുഴുവന്‍ സമയവും കൃഷിടിയത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന തരത്തില്‍ ഏതെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ഇനി അതിജീവിക്കാനാകൂ. പക്ഷെ അതിനിനി എത്ര കാത്തിരിക്കണമെന്ന ചോദ്യമാണ് ബാക്കി.