തെയ്യം ചാമുണ്ഡി വയലിൽ വിത്തിട്ടു; ഇനി ‘തിമിരി’ക്ക് പാടത്തിറങ്ങാം

കർഷക തെയ്യമായ വലിയവളപ്പിൽ ചാമുണ്ഡി വയലിൽ വിത്തിട്ടു. കാസര്‍കോട് ചെറുവത്തൂർ തിമിരി ഗ്രാമത്തിലെ കര്‍ഷകര്‍ ഇനി കൃഷിയില്‍ സജീവമാകും. തെയ്യം വിത്തെറിഞ്ഞശേഷം മാത്രമാണ് തിമിരിയിലെ കർഷകർ പാടത്തിറങ്ങുന്നത്.

വലിയവളപ്പിൽ ചാമുണ്ഡി വയലിൽ വിത്തിട്ടശേഷം മാത്രമേ തിമിരി ഗ്രാമത്തിൽ കൃഷി ആരംഭിക്കുകയുള്ളൂ. ചെണ്ടയുടെയും വാല്യക്കാരുടെയും കൈവിളക്കിന്‍റെയും അകമ്പടിയോടെ എത്തിയാണ് ചാമുണ്ഡി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിമിരി വയലില്‍ വിത്തിട്ടത്. സംഗ്രമ ദിനത്തിൽ തിമിരി ചാമുണ്ടേശ്വരി ഷേത്രത്തിൽ ആരംഭിക്കുന്ന തെയ്യം തുലാംമാസത്തിലാണ് വയലിൽ വിത്തിടാനെത്തുന്നത്. ഗ്രാമത്തിന്റെ അധിപതിയായ മടയിൽ ചാമുണ്ഡേശ്വരി ആധിപത്യം പുലര്‍ത്തുന്ന പ്രദേശങ്ങളിലെ കർഷകരുടേയും കന്നുകലികളെയും കാത്തുരക്ഷിക്കാനുള്ള ചുമതല വലിയവളപ്പിൽ ചാമുണ്ഡിക്ക് നൽകി എന്നാണു സങ്കല്‍പ്പം. അതുകൊണ്ടുതന്നെ വലിയവളപ്പിൽ ചാമുണ്ഡി വയലിൽ വിത്തും മഞ്ഞൾ കുറിയും എറിഞ്ഞ ശേഷമേ നാട്ടിൽ കൃഷി തുടങ്ങാറുള്ളു.

തെയ്യത്തിന്‍റെ ചടങ്ങുകള്‍ക്കും ഏറെ പ്രത്യേകതകളുണ്ട്. കുരുത്തോല കൊണ്ടുള്ള തിരുമുടിയും അരയോടയും ചെമ്പട്ടുമണിഞ്ഞാണ് തെയ്യമുണ്ടാവുക. ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ദേശസഞ്ചാരം ഇക്കുറിയുണ്ടായില്ല.