‘രാഹുൽ പ്രധാനമന്ത്രി ആകുന്നതിനേക്കാള്‍ നല്ലത് 1000 രൂപക്ക് പെട്രോൾ’; റീ ട്വീറ്റ് ചെയ്ത് ടി.ജി

രാജ്യത്ത് തുടർച്ചയായ 42 ദിവസവമായി ഇന്ധന വില വർദ്ധിക്കുയാണ്. ഇതിന്റെ പേരിൽ രാജ്യമെങ്ങും പ്രതിപക്ഷം ബന്ദും നടത്തി പ്രതിഷേധിച്ചു. കടുത്ത പ്രതിഷേധങ്ങൾക്കിടെയും രാജ്യത്ത് ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുകയാണ്. പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കൂടിയത്. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോളിന് 84.40 രൂപയും ഡീസലിന് 78.30 പൈസയുമാണ് ഇന്നത്തെ വില. 

യുപിഎക്കാലത്തെ ഇന്ധന വിലവർദ്ധന ചൂണ്ടിക്കാട്ടി ഭരണത്തിലേറിയവർക്ക് ഇപ്പോൾ തലവേദനയാണ്  ദിനംപ്രതിയുള്ള ഇന്ധന വിലകയറ്റം. ഇതിന് പല ന്യായങ്ങളും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവർത്തകരും. ഇതിനിടയിലാണ് ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി രേഷ്മ രാജീവിന്റെ പ്രസ്താവന. 'എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി രാഹുൽഗാന്ധിജി എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം 1000 രൂപക്ക് ഒരു ലിറ്റർ പെട്രോൾ അടിക്കുന്നതാ'. ട്വിറ്റർലൂടെയാണ് രേഷ്മ രാജീവിന്റെ ഈ പ്രസ്താവന. 

ബിജെപി സൈദ്ധാന്തികൻ ടി.ജി.മോഹന്‍ ദാസ് ഉൾപ്പടെ ചില നേതാക്കളും പ്രവർത്തകരും ഇത് ഏറ്റെടുത്തു. ഇന്ധന വില കാര്യമായ വർദ്ധന ഉണ്ടായിട്ടില്ലെന്ന് കാണിക്കാന്‍ ബി‍ജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗ്രാഫിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.