പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് പതിനായിരം കോടിയുടെ പദ്ധതി

പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് പതിനായിരം കോടിയുടെ പദ്ധതിയെന്ന് മന്ത്രി ജി.സുധാകരന്‍. മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കും. നെല്‍കൃഷിയെക്കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ച് റവന്യുസെക്രട്ടറി മാപ്പുപറയുന്നതാണ് നല്ലതെന്നും കുട്ടനാട്ടിലെ പുഞ്ച ഓഫിസ് കേന്ദ്രീകരിച്ച് വന്‍സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

അടിയന്തിര അറ്റകുറ്റപ്പണി വേണ്ടത്, ബിറ്റുമിൻ ടാറിങ് വേണ്ടത്, രാജ്യാന്തര നിലവാരത്തിൽ പുനർ നിർമിക്കേണ്ടത് എന്നിങ്ങനെ നവീകരണത്തിനായി റോഡുകൾ മൂന്നായി തിരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.. 2021 നുള്ളിൽ പൂർത്തിയാക്കും. റോഡിന്റെ സ്ഥിതി യെക്കുറിച്ചു പഠിക്കാൻ എല്ലാ ജില്ലകളിലും ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയാണ്. ഇതു സംബന്ധിച്ച അവലോകനം ശനിയാഴ്ച ചേരുമെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട്ടിൽ നെൽകൃഷി വ്യാപിപ്പിക്കേണ്ടെന്ന റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്റെ പ്രസ്താവന സർക്കാർ നിലപാടല്ല. പ്രസ്താവന പിൻവലിച്ച് കുര്യന്‍ മാപ്പു പറയണമായിരുന്നു. അദ്ദേഹം കഴിവുള്ള ഉദ്യോഗസ്ഥനാണെന്നും സുധാകരന്‍ പറഞ്ഞു. 

പമ്പിങ് നടത്താതെ പുഞ്ച ഓഫിസറും പ്രാദേശിക രാഷ്ട്രീയക്കാരും കുട്ടനാട്ടില്‍ പണം വീതിച്ചെടുക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി