ഡാമുകളുടെ ജലപരിപാലന ചട്ടം പുന‌ഃപരിശോധിക്കണമെന്ന് കേന്ദ്ര ജല കമ്മിഷൻ

കേരളത്തിെല പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഡാമുകളുടെ ജലപരിപാലന ചട്ടം പുന‌ഃപരിശോധിക്കണമെന്ന് കേന്ദ്ര ജല കമ്മിഷന്‍. പ്രളയജലം തടയാന്‍ കൂടുതല്‍ ഡാമുകള്‍ വേണമെന്നും കമ്മിഷന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബാരേജ് എന്നിവയുടെ വീതി കൂട്ടണമെന്നും ശുപാര്‍ശയുണ്ട്. 

കേരളം നേരിട്ട വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രജലകമ്മിഷന്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടിലാണ് സംസ്ഥാനത്ത് കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് ശുപാര്‍ശ ചെയ്യുന്നത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ അച്ചന്‍കോവില്‍, പമ്പ, പെരിയാര്‍ നദികളില്‍ പുതിയ അണക്കെട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. അണക്കെട്ടുകളിലെ ജലപരിപാലന ചട്ടങ്ങള്‍ പുനഃപരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 200 ദശലക്ഷം ക്യൂബിക്ക് മീറ്ററില്‍ കൂടുതല്‍ സംഭരണ ശേഷിയുള്ള അണക്കെട്ടുകളിലാണ് ഉടന്‍ പുനഃപരിശോധന നടത്തേണ്ടത്. 

ശാസ്ത്രീയ വശങ്ങള്‍ കൂടി പരിഗണിച്ച് തണ്ണീര്‍മുക്കം ബാരേജ്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയുടെ വീതി കൂട്ടണം. വേമ്പനാട് കായലില്‍ നിന്നുള്ള പ്രളയജലം ഒഴുക്കിവിടുന്നതിന് ഇത് ആവശ്യമാണ്. പെരിങ്ങല്‍ക്കുത്തില്‍ ഡാം സുരക്ഷാ പാനല്‍ പരിശോധന നടത്തണമെന്നും ശുപാര്‍ശയുണ്ട്. ആഗസ്റ്റ് ഒന്നിനും പതൊന്‍പതിനും ഇടയില്‍ 164 ശതമാനം അധികമഴയാണ് കേരളത്തില്‍ പെയ്തിറങ്ങിയത്. ഈ കനത്ത മഴയാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.