മീനച്ചിലാർ നടപ്പാലം തകർന്നു; ‘കാരക്കാടി’ന് ഇനി കിലോമീറ്ററുകൾ ചുറ്റണം

കനത്ത മഴയില്‍ മീനച്ചിലാറിന് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നതോടെ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയിലാണ് ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ കാരക്കാട് നിവാസികള്‍. ഈരാറ്റുപേട്ട നഗരസഭയെയും തലപ്പലം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നടപ്പാലത്തിന്റെ രണ്ട് ബീമുകളാണ് വെള്ളപ്പാച്ചില്‍ ആറ്റില്‍ പതിച്ചത്.

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ നിന്നും കാരക്കാട് ഭാഗത്തേയ്ക്കുള്ള എളുപ്പവഴിയായിരുന്നു വട്ടികൊട്ട നടപ്പാലം. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും നീളമേറിയ നടപ്പാലമാണിത്. പാലത്തിന് മുകളിലൂടെ കുതിച്ചൊഴുകിയ വെള്ളം 5 ബീമുകളില്‍ 2 എണ്ണം തകര്‍ത്തെറിഞ്ഞു. ഇതോടെ മറുകര കടക്കാനുള്ള ഏകമാര്‍ഗം ഇല്ലാതായി. നിലവില്‍ 3 കീലോമീറ്ററോളം ചുറ്റിയാണ് പ്രദേശവാസികള്‍ പ്രധാന ടൗണിലെത്തുന്നത്. 

വെളളപ്പൊക്കത്തില്‍ തകര്‍ന്ന ബീമുകള്‍ സമീപത്ത് തന്നെ കിടപ്പുണ്ട്. ഇവ പുനസ്ഥാപിക്കുക എളുപ്പമാവില്ല. കഴിഞ്ഞ ദിവസം മന്ത്രി വിഎന്‍ വാസവനടക്കം ഇവിടെ സന്ദര്‍ശിച്ചിരുന്നു.  പകരം പാലം നിര്‍മിക്കുകയെ പോംവഴിയുള്ളൂ. ഓട്ടോറിക്ഷയെങ്കിലും കടന്നുപോകാവുന്ന  വീതിയെങ്കിലും പുതിയ പാലത്തിന് വേണമെന്നാണ് ആവശ്യം. പാലം പുനര്‍നിര്‍മിക്കാന്‍ അടിയന്തിര പരിഗണന നല്കുമെന്നാണ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദറിൻ്റെ വാഗ്ദാനം.