ബൈക്കിൽ നിന്ന് നായ റോഡിലേക്ക് ചാടി; വെട്ടിച്ച ബസ് കടയിലേക്ക് ഇടിച്ചുകയറി

അഞ്ചാലുംമൂട് നായയുമായി യാത്രചെയ്യവെ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു കടകളിലേക്ക് ഇടിച്ചുകയറി ഒരാൾക്കു പരുക്കേറ്റു. ഇന്നലെ രാവിലെ 8.30നു കടവൂർ ജംക്‌ഷനിലാണു യുവാവിന്റെ സാഹസികയാത്ര അപകടത്തിനിടയാക്കിയത്. പരസഹായമില്ലാതെ നായയെ ബൈക്കിന്റെ മുൻപിലിരുത്തിയായിരുന്നു യാത്ര.

നായ റോഡിലേക്കു ചാടിയതോടെ ബൈക്ക് മറിഞ്ഞു. താഴെ വീണ യുവാവിനെയും നായയെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് നിയന്ത്രണം വിട്ടത്. കടവൂർ ജംക്‌ഷനിലെ എസ്ആർ ഫ്രൂട്സ് സ്റ്റാൾ ഉടമ ശിവരാജനാണ് (53) സാരമായി പരുക്കേറ്റത്.  കടയ്ക്കു മുന്നിൽ വച്ച സ്കൂട്ടർ തെറിച്ചുവീണാണു പരുക്കേറ്റത്. പെരുമണിൽ‌നിന്നു കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്നു ബസ്. 

 അപകടത്തിൽ രണ്ടു കടകളുടെ ഗ്രില്ലുകളും തകർന്നു. കടയ്ക്കു മുന്നിലെ ടെലിഫോൺ പോസ്റ്റിൽ ഇടിച്ചാണു ബസ് നിന്നത്. ബൈക്ക് യാത്രികനായ യുവാവ് സ്ഥലത്തുനിന്നു മുങ്ങി. നായ ഓടിപ്പോവുകയും ചെയ്തു. ബൈക്കും കെഎസ്ആർടിസി ബസും അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

വൻഅപകടം ഒഴിവായത് തലനാരിഴയ്ക്ക്

കടവൂരിലെ അപകടത്തിനിടയാക്കിയതു യുവാവിന്റെ സാഹസികയാത്ര. തൃക്കരുവ സ്വദേശിയായ യുവാവ് മറ്റാരുടെയും സഹായം കൂടാതെയാണ് വളർത്തുനായയെ ബൈക്കിനു മുന്നിലിരുത്തി യാത്ര ചെയ്തത്. ചങ്ങല ഹാൻഡിലിൽ കൊരുത്തിട്ടിരിക്കുകയായിരുന്നു. നായ ചാടിയപ്പോൾ ബൈക്ക് മറിയാൻ ഇടയാക്കിയത് ഇതാണ്. കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.