നെഹ്റു ട്രോഫി നടത്തിപ്പിനെച്ചൊല്ലി തര്‍ക്കം, മുടക്കമില്ലാതെ നടക്കുമെന്ന് ജില്ലാഭരണകൂടം

അറുപത്തിയാറാമത് നെഹ്റു ട്രോഫി ജലോല്‍സവത്തിന് തുഴയെറിയുന്നത് തര്‍ക്കങ്ങളോടെ. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ജലോല്‍സവം മാറ്റിവയ്ക്കണമെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. വള്ളംകളി മുടക്കമില്ലാതെ നടക്കുമെന്ന് ജില്ലാഭരണകൂടം നിലപാടെടുത്തതോടെ എതിര്‍പ്പ് ശക്തമായി.

ഈ മാസം പതിനൊന്നിനാണ് നെഹ്റുട്രോഫി ജലോല്‍സവം പുന്നമടക്കായലില്‍ നടക്കേണ്ടത്. പ്രളയക്കെടുതിയില്‍ കുട്ടനാട് ആണ്ടുനില്‍ക്കുമ്പോള്‍ വള്ളംകളി അനുചിതമെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. മുന്‍ എം.എല്‍.എ,,, എഎ ഷുക്കൂര്‍ ബോട്ട്റേസ് കമ്മിറ്റിയിലും ഡിസിസി പ്രസിഡന്റ് എം.ലിജു വാര്‍ത്താസമ്മേളനം നടത്തിയും നിലപാട് അറിയിച്ചു. എന്നാല്‍ വള്ളം കളി മാറ്റി വയ്ക്കേണ്ടതില്ലെന്നാണ് ജില്ലയിലെ മന്ത്രിമാരുടെയും ജില്ലാഭരണകൂടത്തിന്റെയും തീരുമാനം. ഇതിനിടെ കോണ്‍ഗ്രസുകാരനായ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് താന്‍ അധ്യക്ഷനായ കള്‍ച്ചറല്‍ കമ്മിറ്റിയുടെ പരിപാടികള്‍ ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. മൂന്നുദിവസങ്ങളിലായി നടക്കാനിരുന്ന ഘോഷയാത്ര ഉള്‍പ്പടെയുള്ള സാംസ്കാരിക പരിപാടികള്‍ ഒഴിവാക്കിയതിന് പുറമെ വള്ളംകളിതന്നെ മാറ്റിവെയ്ക്കണമെന്നും അഭിപ്രായപ്പെട്ടു

എന്നാല്‍ വള്ളംകളി മാറ്റി വയ്ക്കണമെന്ന അഭിപ്രായം കുട്ടനാട്ടുകാര്‍ക്കില്ലെന്ന് ജില്ലാഭരണകൂടം ഉറപ്പിച്ചുപറയുന്നു

വള്ളം കളിയോടെ, പ്രളയമുണ്ടാക്കിയ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധമാറുമെന്ന തോന്നലാണ് ഇരുമുന്നണി നേതാക്കളേയും വിരുദ്ധനിലപാടുകളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്