കരിക്കകം ദുരന്തത്തിൽ അനേകം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച വീര നായകന് ദാരുണാന്ത്യം

ആറ് കുഞ്ഞുങ്ങളടക്കം ഏഴ് പേരുടെ ജീവനെടുത്ത കരിക്കകം ദുരന്തം ഇന്നും കണ്ണീരോര്‍മയാണ്. സ്കൂള്‍ ബസിന്റെ അമിതവേഗമായിരുന്നു നിയന്ത്രണം വിട്ട് പാര്‍വതിപുത്തനാറില്‍ പതിക്കാനിടയാക്കിയത്. 2011 ഫെബ്രുവരി 17നു കരിക്കകത്തു പിഞ്ചുകുട്ടികളുമായി വാൻ പുഴയിൽ വീണ ദുരന്തവേളയിൽ ദുരന്തമുഖത്ത് ചടുലവേഗത്തോടെ കർമനിരതനാകുകയും അനേകം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുകയും ചെയ്ത ആറ്റുവരമ്പ് റോഡിൽ ടി.സി 78​–999 വിഎൻപിയിൽ ഉദയകുമാർ (48) കാറപകടത്തിൽ മരിച്ചത് നൊമ്പരമായി. 

മറിഞ്ഞ വാനിൽ നിന്നു കുട്ടികളെ രക്ഷിക്കാൻ ആദ്യം പുത്തനാറിലേക്കു ചാടിയ അഞ്ചുപേരിൽ ഇദ്ദേഹമുണ്ടായിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്കു ബൈപാസ് റോഡിൽ ആക്കുളം പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.  ജോലിസ്ഥലത്തു മറന്നുവച്ച മൊബൈലുമെടുത്തു കഴക്കൂട്ടത്തെ വസതിയിലേക്കു സൈക്കിളിൽ മടങ്ങവെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിലിടിച്ചാണു കാർ നിന്നത്.  ഗുരുതര പരുക്കേറ്റ ഉദയനെ കാറിലുണ്ടായിരുന്നവർ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം നഷ്ടപ്പെട്ടതിനാൽ  മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പിന്നീട് മാറ്റി.  അഞ്ചുദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം കഴക്കൂട്ടം ആറ്റിൻകുഴി മൂപ്പൻവിളാകത്തു വീട്ടിൽ സംസ്കരിച്ചു.