സംസ്കരിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയ്ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു; മകളുടെ അനുഭവം

സംസ്കരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ അമ്മ മരിച്ചിട്ടില്ലെന്ന് അറിഞ്ഞ് മകൾ. അർജന്റീനയിലാണ് സംഭവം.  89–കാരിയായ അമ്മ അസുഖബാധിതയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിറ്റേ ദിവസം തന്നെ ഹൃദയാഘാതം മൂലം അമ്മ മരിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയും മരണ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തുവെന്ന് 54–കാരിയായ മകൾ പറയുന്നു.

ഇതറിഞ്ഞ മകൾ അമ്മയുടെ സംസ്കാര ചടങ്ങുകൾക്കായി ഒരുക്കം തുടങ്ങി. സംസ്കരിക്കാനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകും വഴി അമ്മയിൽ നിന്ന് ചെറുതായി ശബ്ദം ഉയരുന്നത് മകൾ കേട്ടു. ഇതോടെ വേഗം തന്നെ സംസ്കാര ചടങ്ങുകൾ നിർത്തിയെന്നാണ് ഡെയ്‍ലി മെയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.  അമ്മയെ ജീവനോടെ തിരികെ കിട്ടിയ സന്തോഷത്തിലാണ് മകൾ. 

നിലവിൽ അമ്മ മറ്റൊരു സ്വകാര്യ ക്ലിനിക്കിൽ അതിതീവ്ര വിഭാഗത്തിൽ ചികിൽസയിലാണ്. മരിച്ചുവെന്ന് സ്ഥിരീകരിച്ച ആശുപത്രി അധികൃതർക്കെതിരെ പരാതിയും മകൾ‌ നൽകിയിട്ടുണ്ട്.