രണ്ടുപേരും ഇപ്പോൾ ഒരുമിച്ചൊരു ഡ്രിങ്ക് കഴിക്കുകയാകും; വേദനയോടെ പൃഥ്വി; കുറിപ്പ്

നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ഞെട്ടലിലാണ് സിനിമാലോകം. അനിലിന്റെ ജീവിതത്തിലെ വഴിത്തിരിവായ സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിന് നൽകിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേർപാട് എന്നത് മറ്റൊരു യാദൃച്ഛികത. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജ്.

ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങള്‍ അവിടെ ഒരുമിച്ചിരുന്ന ഒരു ഡ്രിങ്ക് കഴിക്കുകയായിരിക്കും എന്ന് കരുതുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി, എന്നാണ് പൃഥ്വി കുറിച്ചത്.

തൊടുപുഴയിലെ താലൂക്കാശുപത്രിയിലെ മോർച്ചറിയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ പോസ്റ്റ്‍മോർട്ടം നടക്കും. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‍മോർട്ടം. അതിന് ശേഷം മൃതദേഹം നാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.