കോച്ച് ഫാക്ടറി വിഷയത്തില്‍ ശക്തമായ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്

കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ ശക്തമായ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്. രാഷ്ട്രീയ പ്രചാരണത്തിനൊപ്പം പാലക്കാട് റയിൽവേ ഡിവിഷൻ ആസ്ഥാനം ഉപരോധിക്കാനും എല്‍ഡിഎഫ്  തയ്യാറെടുക്കുന്നു.

കോച്ച് ഫാക്ടറി നടപ്പാക്കണം....പദ്ധതി ഉപേക്ഷിക്കാനുളള കേന്ദ്രതീരുമാനം തിരുത്തണം..ഇതാണ് എല്‍ഡിഎഫ് പ്രചാരണവിഷയമാക്കുന്നത്. പാലക്കാട് ചേർന്ന എൽഡിഎഫ് സമര പ്രഖ്യാപന കൺവൻഷന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. അടുത്തമാസം ഒപ്പുശേഖരണവും വാഹന പ്രചരണ ജാഥയും നടത്തും. ഒക്ടോബറിൽ പാലക്കാട് റയിൽവേ ഡിവിഷൻ ഓഫീസ് ഉപരോധിക്കും. കേന്ദ്രഅവഗണനയിൽ പ്രതിഷേധിച്ച് ഡിസംബറിൽ ജില്ലയില്‍ ഹർത്താൽ നടത്താനുമാണ് തീരുമാനം. പഞ്ചായത്ത് നിയോജനക മണ്ഡലം കമ്മിറ്റികളാണ് ഇതിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുളള പ്രധാന പ്രചാരണവിഷയമാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. അണികളെയും പ്രാദേശിക നേതാക്കളെയും തിരഞ്ഞെടുപ്പിന് സജ്ജരാക്കാന്‍ കോച്ച് ഫാക്ടറി സമരം സിപിഎമ്മിനും നേട്ടമാകും.