ഹജ്ജ് സർവീസ് കരിപ്പൂരിലേക്ക് പുനസ്ഥാപിച്ചില്ല; അവഗണനയെന്ന് തീർത്ഥാടകർ

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജജ് സര്‍വീസ് പുനസ്ഥാപിക്കുന്നതിന് ഇത്തവണയും നടപടിയില്ല. റണ്‍വേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എംബാര്‍ക്കേഷന്‍ കൊച്ചിയിലേക്ക് മാറ്റിയത്. ഹജജ് തീര്‍ഥാടകര്‍ കൂടുതലുള്ള മലബാര്‍ മേഖലയെ ബോധപൂര്‍വം അവഗണിക്കുന്നുവെന്നാണ് പരാതി.  മികച്ച സൗകര്യങ്ങളുള്ള കരിപ്പൂര്‍ ഹജജ് ഹൗസ് തീര്‍ഥാടകര്‍ക്ക് ഏറെ സഹായമായിരുന്നു. മലബാറിെല ഭൂരിഭാഗം ഹജജ് തീര്‍ഥാടകര്‍ക്കും താമസസൗകര്യം. ലഗേജുള്‍പ്പെടെ പരിശോധിച്ച് പ്രാഥമിക നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഇടപെടല്‍, തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേക വൊളണ്ടിയര്‍മാരുടെ സഹായത്തോടെ കരിപ്പൂരില്‍ കിട്ടിയിരുന്നു. 

സൗകര്യത്തിന്റെ ഭൂരിഭാഗവും റണ്‍വേ നവീകരണത്തിന്റെ കാരണം പറഞ്ഞ് നെടുമ്പാശേരിയിലേക്ക് മാറ്റി. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഹജജ് തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ കരിപ്പൂരില്‍ നിന്ന് പൂര്‍ണമായും മാറ്റാനുള്ള നീക്കമെന്നാണ് ആക്ഷേപം. ഹജജ് ഹൗസ് കാഴ്ച വസ്തുവാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് ജനപ്രതിനിധികളുടെ നിലപാട്. എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിലനിര്‍ത്തണമെന്ന ആവശ്യവുമായി ഹജജ് കമ്മിറ്റി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിരവധി നിവേദനം നല്‍കിയിരുന്നു. നിലവില്‍ യാതൊരു നടപടിയുമില്ല. ഇത്തവണത്തെ ഹജജ് തീര്‍ഥാടന നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇതിന് നീക്കമില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ തുടങ്ങുമെന്നാണ് വിവരം.