കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇലക്ട്രോണിക്സ് ഉപകരണത്തില്‍ ഒളിപ്പിച്ച് ലഗേജ് ബാഗില്‍ കടത്തിയ സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്തു വച്ച് വിദഗ്ധമായി പിടികൂടിയത്.

മ്യൂസിക് പ്ലെയറിന്‍റെ ബാറ്ററി കേസിനുളളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമാണ് കാര്യമായ പരിശോധന സംവിധാനങ്ങള്‍ ഒന്നുമില്ലാതെ പൊലീസിന് കണ്ടെത്താനായത്. ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരന്‍ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ് മോനാണ് 1.8 കിലോഗ്രാം സ്വര്‍ണം കടത്തിയത്. ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ റിയാസ് മോനെ പൊലീസ് കാത്തിരുന്ന് വലയിലാക്കുകയായിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് അറിയിച്ച് രക്ഷപ്പെടാനായിരുന്നു റിയാസ് മോന്‍റെ ശ്രമം. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന ഒാരോ ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പരിശോധിച്ചു.

മ്യൂസിക് പ്ലെയറിന്‍റെ ബാറ്ററിയുടെ ഭാഗത്തിന് ഭാരക്കൂടുതല്‍ അനുഭവപ്പെട്ടതോടെയാണ് വിശദമായ പരിശോധന നടത്തിയത്. 200 ഗ്രാം തൂക്കമുളള 9 സ്വര്‍ണ ബാറുകളാണ് ബാറ്ററി കേസിലുണ്ടായിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് പിടിക്കുന്ന അറുപത്തി ആറാമത്തെ കേസാണിത്.