കരിപ്പൂര്‍ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കൽ വിവരങ്ങള്‍ ലഭിക്കുന്നില്ല; പരാതി

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി വിട്ടു കൊടുക്കേണ്ടവരുമായി ഇതുവരേയും സര്‍ക്കാര്‍ ആശവിനിമയം  നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും വിമാനത്താവള കുടിയൊഴിപ്പിക്കല്‍ പ്രതിരോധസമിതി ആരോപിച്ചു.

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിനായി പതിനാലര ഏക്കര്‍ ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാണ് സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമം തുടരുന്നത്. നാലു മാസത്തിനകം ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാനുളള നടപടികള്‍ പുരോഗമിക്കുമ്പോഴാണ് പ്രതിരോധവുമായി നാട്ടുകാര്‍ എത്തുന്നത്. ഭൂമി നഷ്ടമാകുന്നവരുമായോ സമരസമിതിയുമായോ ഇതുവരേയും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് പരാതി.

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റണ്‍വേ വികസനം പൂര്‍ത്തിയാക്കണമെന്ന വാദം ബാലിശമാണന്നും പ്രതിരോധസമിതി ആരോപിച്ചു. 

ഭൂമി വിട്ടു നല്‍കേണ്ട ഒാരോരുത്തരുടേയും ആവശ്യങ്ങള്‍ പ്രത്യേകം മനസിലാക്കി പാക്കേജ് തയാറാക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം.