ബാലറ്റ് പെട്ടികള്‍ കൂട്ടത്തോടെ ആന്ധ്രയ്ക്ക് വണ്ടി കയറി

വോട്ടിങ് യന്ത്രങ്ങള്‍ കേരളം കീഴടക്കിയതോടെ ബാലറ്റ് പെട്ടികള്‍ കൂട്ടത്തോടെ ആന്ധ്രയ്ക്ക് വണ്ടി കയറി.   തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് സംസ്ഥാനത്തെ റവന്യൂവകുപ്പിന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് ബാലറ്റ് പെട്ടികള്‍  ആന്ധ്രയ്ക്കയക്കുന്നത്.

ബാലറ്റ് പെട്ടികള്‍ പൊട്ടിക്കുമ്പോള്‍ പൊട്ടിച്ചിരിച്ചതും പൊട്ടിക്കരഞ്ഞതുമെല്ലാം പഴങ്കഥയാണ്. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും യന്ത്രസഹായം കിട്ടിയതോടെ കേരളത്തില്‍ ബാലറ്റ് പെട്ടികള്‍ വിസ്മൃതിയിലായി. യന്ത്രം പക്ഷം പിടിക്കുന്നെന്ന്  ആക്ഷേപം ഉയര്‍ന്നപ്പോള്‍ വീണ്ടും പെട്ടിക്കാലം വരുമെന്നൊരു പ്രതീക്ഷയൊക്കെയുണ്ടായിരുന്നു . എന്നാല്‍ ആക്ഷേപങ്ങള്‍ നനഞ്ഞപടക്കമായതോടെ പെട്ടികള്‍ ആവശ്യമുള്ളിടത്തേക്ക് കയറ്റിയയക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും തീരുമാനിച്ചു.

കാര്യം ഇരുമ്പ്പ്പെട്ടിയാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ആന്ധ്രയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ റോഡുമാര്‍ഗമാണ് പെട്ടികള്‍ കൊണ്ടുപോകുന്നത്.