ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി, എം ജി രാജമാണിക്യം

ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാകമ്മിഷണര്‍ എം ജി രാജമാണിക്യം. ഏതെങ്കിലും ഉല്‍പന്നത്തില്‍ മായം കലര്‍ന്നതായി കണ്ടെത്തിയാല്‍  ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അത് നിരോധിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശം നല്‍കി. മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കും.   

ഭക്ഷ്യവസ്തുക്കളില്‍ വ്യാപകമായി മായം കലര്‍ത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഏറ്റവും കൂടുതല്‍ മായം കലര്‍ന്നതായി കണ്ടെത്തിയ മീന്‍,എണ്ണ, പച്ചക്കറികള്‍ എന്നിവയുടെ പരിശോധന ആഴ്ചയിലൊരിക്കല്‍ നടത്തണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഏതെങ്കിലും ഭക്ഷ്യവസ്തുവില്‍ മായം കലര്‍ന്നതായി ലാബ് പരിശോധനയില്‍ തെളി‍ഞ്ഞാല്‍ 24 മണിക്കൂറിനകം ആ ബാച്ച് ഉല്‍പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കണം. മൃതദേഹങ്ങള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മത്സ്യകച്ചവടക്കാര്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് പരിശോധന മാര്‍ക്കറ്റുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.

ഒരു കിലോ മല്‍സ്യത്തില്‍ 63 മില്ലി ഗ്രാം  ഫോര്‍മാലിന്‍ കണ്ടെത്തിയതായി കഴിഞ്ഞദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കൂടാതെ വെളിച്ചെണ്ണ, കറിമസാലകള്‍, കുപ്പിവെള്ളം എന്നിവയിലും വ്യാപകമായി മായം കണ്ടെത്തിയിരുന്നു.