മലപ്പുറത്തെ പനിമരണം: നിപ്പയെന്ന സംശയം: മുഴുവന്‍ വീടുകളിലും പരിശോധന

മലപ്പുറത്ത്  നാലുപേരുടെ മരണകാരണം നിപ്പാ വൈറസാണന്ന സംശയത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്താന്‍ നിര്‍ദേശം. ജില്ലയില്‍ ഡെങ്കിപ്പനി കൂടി പടര്‍ന്നു പിടിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതായി ഡി.എം.ഒ മനോരമ ന്യൂസിനോട് പറഞ്ഞു. ജില്ലയില്‍ ഏഴു പനിക്ലിനിക്കുകള്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്.  

അമ്മയെ പരിചരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയപ്പോഴാണ് തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി സിന്ധുവിന് നിപ്പാവൈറസ് ബാധിച്ചതെന്നാണ് സംശയം. നിപ്പാ വൈറസ് സംശയങ്ങളോടെ ജില്ലയില്‍ മരിച്ച പൊന്‍മള സ്വദേശി മുഹമ്മദ് ഷിബിലി, കൊളത്തൂര്‍ കാരാട്ടുപറമ്പ് വേലായുധന്‍, തിരൂരങ്ങാടി കൊടുക്കല്ല് ബിജിത എന്നിവര്‍ക്ക് രോഗം ബാധിക്കാനിടയായ സാഹചര്യം ആരോഗ്യ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. നിലവില്‍ നിപ്പാ വൈറസ് ലക്ഷണമുളളവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ്. 

മലപ്പുറം ജില്ലയിലെ പലയിടങ്ങളിലും പതിവില്‍ കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. മുന്‍പ് ഡെങ്കിപ്പനി ബാധിച്ചര്‍ക്ക്  വീണ്ടും ഡെങ്കിപ്പനി പടരുന്നത് മരണത്തിന് പോലും കാരണമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കൊപ്പം കുടുംബശ്രീ, ആശ വര്‍ക്കര്‍മാരുടെ കൂടി സഹായത്തോടെയാണ് ജില്ലയില്‍ നിപ്പാ വൈറസ്, ഡെങ്കി മുന്നറിയിപ്പ് നല്‍കുന്നത്.