കുട്ടികളിൽ തുടർച്ചയായി പനി; രോഗപ്പകർച്ചയെങ്കിൽ റിപ്പോർട്ട് ചെയ്യണം; ജാഗ്രതാ നിർദേശം

പ്രതീകാത്മക ചിത്രം

കുട്ടികളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന പനിയിലും ചുമയിലും ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ഏതെങ്കിലും പ്രദേശത്ത് കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. കുട്ടികള്‍ക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയില്‍ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുണ്ടായതാണ് തുടര്‍ച്ചയായ പനിക്ക് പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു.

പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് .  സ്‌കൂളുകള്‍ അടഞ്ഞു കിടന്ന സമയത്ത് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ പൊതുവേ അസുഖം കുറവായിരുന്നു. അതിനാല്‍ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷിയും കുറഞ്ഞു. ഒരു കുട്ടിയ്ക്ക് അസുഖം വന്നാല്‍ മറ്റുള്ളവരിലേക്ക് പകരാന്‍ എളുപ്പമാണെന്നും അസുഖമുളള കുട്ടികളെ സ്കൂളില്‍ വിടരുതെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ശ്വാസകോശ അണുബാധ ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍  ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും  ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. 

ശ്വാസംമുട്ടല്‍, കഫത്തില്‍ രക്തം, അസാധാരണ മയക്കം, തളര്‍ച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തില്‍ കൂടുതല്‍ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നീ അപായ സൂചനകള്‍ കണ്ടാല്‍ ഉടന്‍തന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.