പ്രസവം കഴിഞ്ഞയുടനെ പരീക്ഷ എഴുതാൻ ആസിയ എത്തി

പഠനത്തിന്റെ പ്രാധാന്യമറിയാത്തവര്‍ക്ക് മാതൃകയാക്കാവുന്നതാണ് ഓച്ചിറ സ്വദേശി ആസിയ അമീനെ. പ്രസവംകഴിഞ്ഞയുടനെ  ആസിയ എത്തിയത് പരീക്ഷാഹാളിലേക്കാണ്. ഭര്‍ത്താവും ബന്ധുക്കളും ഒപ്പം നിന്നതാണ് ബി.സി.എ അവസാന സെമസ്റ്റര്‍  പരീക്ഷയെഴുതാന്‍ ആസിയക്ക് കരുത്തായത്.  

ഇന്നലെ പുലര്‍ച്ചെ ഒരുപെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ ആസിയ, ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉച്ചയോടെ  അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജില്‍ എത്തി.  കാറിലിരുന്ന് അവസാനവട്ട ഒരുക്കം. പിന്നെ ഉമ്മയുടേയും ഭര്‍ത്താവിന്റേയും സഹായത്തോടെ കോളജ് അധികൃതർ ക്രമീകരിച്ച പ്രത്യേകപരീക്ഷാഹാളിലേക്ക്. ഇരുന്നും വിഷമം നേരിട്ടപ്പോള്‍ നിന്നും പരീക്ഷപൂര്‍ത്തിയാക്കി. പരീക്ഷയെഴുതണമെന്ന ആഗ്രഹത്തിന് കുടുംബാഗംങ്ങളുടെ പിന്തുണ.

കുഞ്ഞിനെ ഭർതൃമാതാവിനെ ഏൽപ്പിച്ച ശേഷമാണ് പരീക്ഷക്കെത്തിയത്. ആശുപത്രി അധികൃതരും കോളജ് അധികൃതരും ആസിയയുടെ ആഗ്രഹത്തിനൊപ്പം നിന്നു. സഹായത്തിനായി കോളജ് ജീവനക്കാരിയെ ഏർപ്പെടുത്തിയിരുന്നു.