എട്ടാം ക്ലാസിൽ പഠിക്കുന്നവർക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം പോലും വായിക്കാൻ അറിവില്ല; ഞെട്ടൽ

ഇന്ത്യയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാന്‍ പോലുമുള്ള അറിവില്ല. എട്ടാം ക്ലാസില്‍ പഠിക്കുന്ന പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും അടിസ്ഥാന ഗണിതക്രിയകള്‍ പോലും ചെയ്യാന്‍ കഴിയുന്നില്ല. മറ്റുസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട നിലയിലാണെങ്കിലും കേരളത്തില്‍ വിദ്യാര്‍ഥികളുടെ പഠനനിലവാരം അത്രയൊന്നും മുന്നിലല്ല.

സന്നദ്ധ സംഘടനയായ പ്രഥം രാജ്യമാകെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകളുള്ളത്. മൂന്ന അക്ക സംഖ്യയെ ഒറ്റയക്ക സംഖ്യകൊണ്ട് ഹരിക്കാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന 56 ശതമാനം കുട്ടികള്‍ക്കും കഴിഞ്ഞില്ല. അഞ്ചാം ക്ലാസിലെ 72 ശതമാനം കുട്ടികള്‍ക്കും ഹരിക്കാന്‍ അറിയില്ല. മൂന്നാംക്ലാസിലെ 70 ശതമാനം പേരും കുറയ്ക്കാന്‍ അറിയാതെ കുഴഞ്ഞു. 6.5 ശതമാനം സ്കൂളിലാണ് കംപ്യൂട്ടറുള്ളത്. 

കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്വീകാര്യത വലിയതോതില്‍ ഏറിവരികയാണ്. കേരളത്തില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന ഇരുപത്തി മൂന്ന് ശതമാനം വിദ്യാര്‍ഥികള്‍ക്കും രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാനുള്ള അറിവില്ല. രാജ്യത്തെ 596 ഗ്രാമീണ ജില്ലകളിലെ മൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നാണ് വിവരശേഖരണം നടത്തിയത്.