അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണത്തിൽ വർദ്ധന

അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി പോകുന്ന  ഇന്ത്യക്കാരുടെ  എണ്ണം വര്‍ഷംതോറും ഏറിവരികയാണ്. മികച്ച കോഴ്സുകള്‍ മുന്നോട്ട് വെക്കുന്നതും എജ്യുക്കേഷന്‍ യു.എസ്.എയുടെ നേതൃത്വത്തില്‍ നല്‍കുന്ന പരിശീലനങ്ങളുമാണ് വിദ്യാര്‍ഥികളെ അമേരിക്കയിലേക്ക് എത്തിക്കുന്നത്. ചെന്നൈ യു.എസ്.കോണ്‍സുലേറ്റില്‍ നടന്ന സ്റ്റുഡന്‍റ് വിസ ദിനാഘോഷത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു. 2017 ല്‍ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നും ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിയത്. സ്റ്റുഡന്‍റ് വിസ വാര്‍ഷിക ദിനമായിരുന്ന ജൂണ്‍ ആറിന് മാത്രം നാലായിരം വിദ്യാര്‍ഥികളാണ് വിസയ്ക്ക് അപേക്ഷിച്ചത്. 

മാര്‍ഗ നിര്‍ദേശങ്ങളും, പ്രോത്സാഹനങ്ങളും, ബോധവല്‍കരണവുമൊക്കെ നല്‍കി വിദ്യാര്‍ഥികള്‍ക്ക്  അമേരിക്കയിലേക്കുള്ള വഴി ഒരുക്കുന്നത് എജ്യുക്കേഷന്‍ യു.എസ്.എയാണ്. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളാണ് അമേരിക്കയിലേക്ക് പോകാന്‍ കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ചെന്നൈ യു.എസ് കോണ്‍സുലേറ്റില്‍ നാലാമത്  സ്റ്റുഡന്‍റ് വിസ ദിനാഘോഷം  നടന്നു. തിരഞ്ഞെടുത്ത ഇരുപത്തിയഞ്ച് വിദ്യാര്‍ഥികള്‍ക്ക് കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ജസ് പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു.