മിസോറം ലോട്ടറി വിലക്ക് നീക്കിയ വിധിയിൽ പഴുതുകൾ

മിസോറം ലോട്ടറിയുടെ വില്‍പന വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ പഴുതുകളെന്ന് സര്‍ക്കാരിന് നിയമോപദേശം. ലോട്ടറി ചട്ടങ്ങളുടെ ലംഘനം കണ്ടെത്തിയാല്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാനാവില്ലെന്നാണ് നിയമവകുപ്പിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്യും.

കോടതിവിധിയുടെ ബലത്തില്‍ ഇതരസംസ്ഥാന ലോട്ടറികളുടെ തള്ളിക്കയറ്റം തടയാനുള്ള നീക്കം വേഗത്തിലാക്കാനാണ് ധനവകുപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിയമവകുപ്പ് അപ്പീലിന്റെ സാധ്യതകള്‍ ചൂണ്ടിക്കാണിച്ചത്. കേരള ജി.എസ്.ടി ചട്ടത്തിലെ 56 (20എ)മൂന്ന് ഡി വ്യവസ്ഥ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് മിസോറം ലോട്ടറിക്ക് കേരള വിപണിയിലെത്താനുള്ള വഴി തെളിഞ്ഞത്. കേന്ദ്ര ലോട്ടറി ചട്ടങ്ങളുടെ ലംഘനം കണ്ടെത്തിയാല്‍ സര്‍ക്കാരിനും പൊലീസിനും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ചരക്കുസേവനനികുതി ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുന്ന വകുപ്പാണ് ഇത്. ഇങ്ങനെയൊരു ചട്ടമുണ്ടാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്നാണ് കോടതി വിധി. എന്നാല്‍ ഒരു കുറ്റകൃത്യം കണ്ടാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള അവകാശം എങ്ങനെ റദ്ദാക്കാനാകുമെന്നാണ് നിയമവകുപ്പിന്റെ വാദം. നിയമവിരുദ്ധപ്രവര്‍ത്തനം കണ്ടാല്‍ ഏതൊരു പൗരനും പൊലീസില്‍ പരാതിപ്പെടാം എന്നുള്ളപ്പോള്‍ ലോട്ടറിയുടെ കാര്യത്തില്‍ മാത്രം എങ്ങനെ മറിച്ചാകും. കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ പല വസ്തുതകളും കോടതി പരിഗണിച്ചിട്ടില്ലെന്നാണ് വിധിന്യായം പരിശോധിക്കുമ്പോള്‍ മനസിലാകുന്നതെന്നും  നിയമവകുപ്പ് ധനമന്ത്രിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്രയും വേഗം അപ്പീല്‍ ഫയല്‍ചെയ്യുന്നതിന് ധനമന്ത്രി നിര്‍ദേശം നല്‍കിയത്.