വയല്‍ക്കിളികളല്ല; കഴുകന്‍മാര്‍, വികസനവിരുദ്ധ മാരീചര്‍: ആഞ്ഞടിച്ച് ജി.സുധാകരന്‍

കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണത്തിനെതിരെ വയല്‍ക്കിളികളെന്ന പേരില്‍  സമരം നടത്തുന്നത് കഴുകന്‍മാരാണെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍. സമരം നടത്തുന്നവരെ  സര്‍ക്കാരും സിപിഎമ്മും അടിച്ചമര്‍ത്തുന്നുവെന്നാരോപിച്ച് നിയമസഭയില്‍  വിഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിനാണ് മറുപടിയായാണ് പരാമര്‍ശം. പാടത്തിന്റെ അരികത്തുപോലും പോകാത്തവരാണ് സമരക്കാര്‍. വികസനവിരുദ്ധ മാരീചന്മാരെ കണ്ട് ആരും മോഹിക്കേണ്ടെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. 

കീഴാറ്റൂരില്‍ കണ്ടത് പത്തുതലയുള്ള രാവണനെയെന്ന് വി.ഡി.സതീശന്‍ മറുപടി നല്‍കി. 

സമരക്കാരുടെ പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചതോടയാണ് പോര് മുറുകിയത്. കീഴാറ്റൂരില്‍ ദേശീയപാത സര്‍വേയ്ക്കെതിരെ സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ക്ഷേത്ര വയലില്‍ അനധികൃതമായി പന്തല്‍ കെട്ടിയാണ് സമരം ചെയ്തത്. സര്‍വേ പൂര്‍ത്തിയായതോടെ നുണപ്രചാരണം പൊളിഞ്ഞെന്നും കീഴാറ്റൂര്‍ സന്ദര്‍ശനത്തിനിടെ ജയരാജന്‍ പറഞ്ഞിരുന്നു.