'ക്വട്ടേഷൻ' നാടകമെന്ന് മുരളീധരന്‍; മൗനം പാലിച്ച് ജയരാജന്‍

 ബിജെപി-ആർഎസ്എസ് വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോർട്ടിനോട് പ്രതികരിക്കാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജൻ. എന്നാൽ വധഭീഷണിയുണ്ടെന്നത് നാടകം മാത്രമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ പറഞ്ഞു. ജയരാജന് സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് നടപടി തുടങ്ങി. 

ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ പി.ജയരാജനെ അപായപ്പെടുത്താൻ ശ്രമമുണ്ടെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ പി.ജയരാജന്റെ പ്രതികരണം മാധ്യമങ്ങൾ തേടിയെങ്കിലും മറുപടി ലഭിച്ചില്ല. അതേസമയം പൊലീസ് റിപ്പോർട്ടിനെതിരെ  ബിജെപി രംഗത്തെത്തി. ജയരാജനെ വെളളപൂശാനും പുണ്യാളനാക്കാനുമുളള സി.പിഎം ശ്രമമാണെന്നായിരുന്നു വി.മുരളീധരന്റെ പ്രതികരണം. ഇല്ലാത്ത ഭീഷണിയുടെ പേരിൽ പൊലീസ് സംരക്ഷണം നല്കാനാണ് സർക്കാർ ശ്രമമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

 കതിരൂര്‍ മനോജ്, രമിത്ത് വധക്കേസുകളിലെ പ്രതികാരമാണ്  പി.ജയരാജനെതിരെയുള്ള  നീക്കത്തിന് പിന്നിലെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളി പ്രനൂബിനാണ് പണവും വാഹനവും നൽകി ക്വട്ടേഷൻ ഏൽപ്പിച്ചത്. പി.ജയരാജന് സുരക്ഷ വർധിപ്പിക്കാനും പ്രനൂബിനെ കണ്ടെത്തുന്നതിനായും നടപടികള്‍ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.