പീഡനപരാതി; ‘അന്വേഷണവുമായി സഹകരിക്കരുത്’; ജീവനക്കാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം

Anandhabose-governor
SHARE

ഭരണഘടനാ പരിരക്ഷ ചൂണ്ടിക്കാട്ടി ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണത്തോട് നിസ്സകരണം പ്രഖ്യാപിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. രാജ്ഭവന്‍ ജീവനക്കാരോട് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകേണ്ടെന്നും നിര്‍ദേശം. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് തന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആനന്ദബോസ് കൊല്ലത്ത് പറഞ്ഞു. 

ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം ഗവര്‍ണര്‍മാര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സാധ്യമല്ല. ഈ പരിരക്ഷ കവചമാക്കിയാണ് സി.വി.ആനന്ദബോസ് രണ്ട് ദിവസങ്ങളിലായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന രാജ്ഭവനിലെ വനിത ജീവനക്കാരിയുടെ പരാതിയിലെ പൊലീസ് അന്വേഷണത്തോട് പൂര്‍ണ നിസ്സകരണം പ്രഖ്യാപിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നും നിലവിലെ അന്വേഷണം ചട്ടവിരുദ്ധമെന്നും ആനന്ദബോസ് പറയുന്നു.

രാജ്ഭവനിലെ ജീവനക്കാര്‍ പൊലീസ് വിളിപ്പിച്ചാല്‍ പോകേണ്ടതില്ലെന്നും നിര്‍ദേശം പുറത്തിറക്കി. നാളെ രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ബംഗാള്‍ പൊലീസ് സമന്‍സ് നല്‍കിയിരുന്നു. തന്നെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നതായും താൻ അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ടേന്നും ആനന്ദബോസ് കൊല്ലത്ത് പറഞ്ഞു. 

രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് തേടിയിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം കടുപ്പിച്ചു. ആനന്ദബോസിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കുമെന്നാണ് വിവരം. 

Governor CV Ananda Bose has instructed the employees of the Raj Bhavan. not to cooperate with the investigation in the sexual assault complaint.

MORE IN BREAKING NEWS
SHOW MORE