ദിലീപിന് തിരിച്ചടി; ഡി സിനിമാസിനെതിരെ കേസെടുത്ത് അന്വേഷിക്കണം: കോടതി

ഡി സിനിമാസ് ഭൂമി കയ്യേറിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. ഭൂമി ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജിയിലാണ് വിധി. ദിലീപിനു പുറമേ തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ്.ജയയും എതിര്‍കക്ഷിയാണ്. 

നടന്‍ ദിലീപിന്റെ ചാലക്കുടി ഡി സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്നായിരുന്നു വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡി സിനിമാസില്‍ കയ്യേറ്റം നടന്നുവെന്നു കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി. ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു അന്ന് അന്വേഷണം നടന്നത്. ഡി സിനിമാസിന്റെ തിയറ്റര്‍ സമുച്ചയത്തില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി. അതേസമയം, ദിലീപിന്റെ കൈവശം സ്ഥലം എത്തുന്നതിനു മുൻപ് കയ്യേറ്റം നടന്നിട്ടുണ്ടെന്നുള്ള പരാതിയുമുണ്ട് 

ഡി സിനിമാസ് കെട്ടിപ്പൊക്കിയ ഭൂമി കുറേ വർഷങ്ങൾക്കുമുൻപ് കൊട്ടാരം വകയായിരുന്നുവെന്നും പിന്നീട് ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞത്. ദിലീപിനു മുൻപ് സ്ഥലം വാങ്ങിയയാൾ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വിജിലൻസിന്റെ അന്വേഷണത്തിൽ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. ഇതിലാണ് അന്ന് ദിലീപ് ഭൂമി കയ്യേറിയില്ലെന്നു റിപ്പോർട്ട് തയാറായത്.

ചാലക്കുടിയിൽ പുഴയോടു ചേർന്നു ദിലീപ് പലരിൽനിന്നു വിലയ്ക്കു വാങ്ങിയ ഭൂമിയിൽ കയ്യേറ്റം ഉണ്ടെന്നായിരുന്നു വിജിലൻസിന് കിട്ടിയ പരാതി. 1920 മുതലുള്ള ഭൂ രേഖകൾ വിജിലൻസ് പരിശോധിച്ചു. കലക്ടർക്കു ജില്ലാ സർവേയർ നൽകിയ റിപ്പോർട്ടും പരിഗണിച്ചു. തിയറ്റർ കയ്യേറ്റഭൂമിയിൽ അല്ലെന്നും അടുത്തുള്ള കണ്ണമ്പുഴ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി ദിലീപിന്റെ കൈവശമാണെന്നുമായിരുന്നു സർവേയറുടെ റിപ്പോർട്ട്.