കെ.എസ്.ഇ.ബിയുടെ പുതിയ മൊബൈല്‍ ആപ്പ്

ഊര്‍ജ മേഖലയെ ഏകോപിപ്പിക്കാന്‍ കെ.എസ്.ഇ.ബിയുടെ  മൊബൈല്‍ ആപ്ലിക്കേഷന്‍. പാരമ്പര്യേതര ഊര്‍ജ ഉപകരണങ്ങൾക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രോത്സാഹനവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. 

സൗരോര്‍ജ ഉപകരണങ്ങളുള്‍പ്പടെ മറ്റ് പാരമ്പര്യേതര ഊര്‍ജ ശ്രോതസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കുവാനാണ്  പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. സാങ്കേതിക വിദ്യയുടെ സഹാത്തോടെ ഊര്‍ജസംബന്ധിയായ ബോധവല്‍ക്കരണം ഉറപ്പാക്കുകയും  സൊളാര്‍ ഉള്‍പ്പടെയുള്ള ഉൗര്‍ജശ്രോതസുകള്‍ക്ക് പ്രചാരം നല്‍കുകയുമാണ് ലക്ഷ‌്യം. കെ.എസ്.ഇ.ബി, അനര്‍ട്ടിന്റെയും സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹായത്തോടെ വികസിപ്പിച്ച സൗരവീഥി മൊബൈല്‍ ആപ്ലിക്കേഷന്‍  മന്ത്രി എം.എം മണി പുറത്തിറക്കി.

താരതമ്യേന ചിലവേറിയ ഊര്‍ജ ഉപകരണങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മെയിന്റനന്‍സ് നടത്തുന്നതിന് വേണ്ടി ആരംഭിക്കുന്ന ഉൗര്‍ജസേവന കേന്ദ്രങ്ങളും മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയായിരിക്കും പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ‍ഡൗണ്‍ലോഡ് ചെയ്യാം.