'പിടികൂടാൻ ഇനി രോഗങ്ങളില്ല'...സർക്കാർ കാണണം ഈ ദുരിത ജീവിതങ്ങൾ!

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള അവശ്യമരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച. അപസ്മാരത്തിന്റെയും, മാനസികസ്വാസ്ഥ്യത്തിന്റെയും മരുന്നുകള്‍ ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കണം. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങുന്നത് ദുരിതബാധിതര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. മനോരമ ന്യൂസ് അന്വേഷണം. 

ശാരീരികവൈകല്യം മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അലട്ടുന്നത്. അപസ്മാരവും, മാനസികാസ്വാസ്ഥ്യവും, കരള്‍രോഗവും, ഹൃദ്രോഗവുമെല്ലാം ഈ ജിവിതങ്ങളെ തളര്‍ത്തുന്നു. ദുരിതബാധിതപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും, പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്കും ചികില്‍സ സൗജന്യമാണ്. പക്ഷേ ഇവര്‍ക്ക് വേണ്ട പല മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളിലോ, നീതി മെഡിക്കല്‍ ഷോപ്പുകളിലോ ലഭിക്കാറില്ല എന്നതാണ് വാസ്തവം. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ ഈ മരുന്നുകള്‍ക്ക് തീവിലയാണ്. 

ഭൂരിപക്ഷം ദുരിതബാധിതരേയും അപസ്മാരവും, മാനസികാസ്വസ്ഥ്യവും അലട്ടുന്നു. മരുന്ന് മുടങ്ങുന്നതോടെ ഇവര്‍ അക്രമാസക്തരാകും. അസുഖം കൂടുന്നത് ഇവരുടെ ജീവനുതന്നെ ഭീഷണിയാകുന്നു.സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി മിക്ക കുടംബങ്ങള്‍ക്കുമില്ല. ആരോഗ്യകിരണമുള്‍പ്പെടെയുള്ള പദ്ധതികളിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാമരുന്നുകളും കൃത്യമായി ലഭ്യമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ ആവകാശവാദം.