വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ സന്തോഷ്കുമാര്‍ മഹാപത്ര രാജിവച്ചു

അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ സന്തോഷ്കുമാര്‍ മഹാപത്ര രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. എന്നാല്‍ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ മെല്ലെപ്പോക്കിലുള്ള അതൃപ്തിയും രാജിക്കുപിന്നിലുണ്ടെന്നാണ് സൂചന. രാജേഷ് ഝാ പുതിയ സി.ഇ.ഒയായി ചുമതലയേറ്റു. 

സംസ്ഥാനസര്‍ക്കാരുമായി വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കരാര്‍ ഒപ്പിട്ട അദാനി കമ്പനിയുടെ ഉദ്യോഗസ്ഥനാണ് സന്തോഷ് കുമാര്‍ മഹാപത്ര. പദ്ധതിക്കായി അദാനി സ്ഥാപിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്നാണ് അദ്ദേഹം ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്. രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷം വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് സന്തോഷ്കുമാര്‍ മഹാപത്രയും സംസ്ഥാന സര്‍ക്കാരും പറയുന്നു. ആവശ്യമെങ്കില്‍ പദ്ധതിക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധികൂടിയായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട് ലിമിറ്റഡ് സി.എം.ഡി ഡോ.ജയകുമാര്‍ പറഞ്ഞു. എന്നാല്‍ കരിങ്കല്‍ ക്ഷാമം വിഴിഞ്ഞത്തെ പുലിമുട്ടുനിര്‍മാണം തടസപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് രാജി. കരിങ്കല്ല് കടല്‍വഴി എത്തിക്കാനുള്ള നടപടി ഇതുവരെ വിജയിച്ചിട്ടില്ല. പുലിമുട്ട് പൂര്‍ത്തിയാകാതെ ബെര്‍ത്തുകള്‍ നിര്‍മിക്കാനാവില്ല. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പദ്ധതിപ്രദേശത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിച്ച് നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴിയൊരുക്കണമെന്ന് അദാനി ഗ്രൂപ്പ് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതേയുള്ളു. തുടര്‍ച്ചയായ സമരങ്ങള്‍ ഇടയ്ക്കിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിലും അദാനി ഗ്രൂപ്പിന് അതൃപ്തിയുണ്ട്.